വിഴിഞ്ഞം: വൈദ്യുതാഘാതമേറ്റ് പിതാവും മകനും ദാരുണമായി മരിച്ച സംഭവത്തിൽ ഞെട്ടി നാട്. ഇരുമ്പ് തോട്ടികൊണ്ട് കരിക്ക് പറിക്കുന്നതിനിടെയാണ് ഷോക്കേറ്റ് വിഴിഞ്ഞം ചൊവ്വര സോമതീരം റിസോർട്ടിന് സമീപം പുതുവൽ പുത്തൻവീട്ടിൽ അപ്പുക്കുട്ടൻ (65), മകൻ റെനിൽ (36) എന്നിവർ മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30നാണ് സംഭവം. 11 കെ.വി വൈദ്യുതി ലൈനിൽനിന്നാണ് ഇരുവർക്കും ഷോക്കേറ്റ് അപകടം.
മരിച്ച റെനിൽ ടെറസിൽനിന്ന് തീ ഉയരുന്നത് കണ്ട് അച്ഛാ എന്ന് നിലവിളിച്ച് കൊണ്ട് വീടിനുള്ളിലേക്ക് പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. തുടർന്ന്, ഇതിന് പിന്നാലെ എന്താണ് സംഭവമെന്നറിയാൻ ഇവരിൽ ചിലരും ടെറസിലേക്ക് എത്തിയിരുന്നു.
എന്നാൽ, ഈ സമയം ഇവർ കണ്ടത് ശരീരത്തിൽനിന്ന് തീ ഉയർന്ന് നിലത്ത് കിടക്കുന്ന അപ്പുക്കുട്ടനെയും മകൻ റെനിലിനെയുമാണ്. ഈ സമയം അപ്പുക്കുട്ടന്റെ ശരീരത്തിൽ വൈദ്യുതി ലൈനിൽ കുടുങ്ങിയ തോട്ടി തട്ടിയ നിലയിലായിരുന്നു. ഇതിനാൽ ടെറസിലും വൈദ്യുതി പ്രഹരമുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയ നാട്ടുകാരിൽ ചിലർ ഉടൻതന്നെ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. തുടർന്ന് കൂടുതൽ ആളുകളെത്തി അപകടത്തിൽപെടാതെ ഇരിക്കാൻ മറ്റാരെയും ടെറസിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞു. സംഭവമറിഞ്ഞ് 108 ആംബുലൻസ് സംഘവും ഫയർഫോഴ്സും എത്തിയെങ്കിലും വൈദ്യുതി പ്രഹരം കാരണം നോക്കി നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ. തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച് സുരക്ഷ ഉറപ്പാക്കിയശേഷം മാത്രമാണ് രക്ഷാപ്രവർത്തകർക്ക് അപ്പുക്കുട്ടന്റെയും റെനിലിന്റെയും സമീപമെത്താൻ കഴിഞ്ഞത്. എന്നാൽ, അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
കൂടാതെ വൈദ്യുതി പ്രഹരത്തിൽ അപ്പുക്കുട്ടന്റെ കൈകളും റെനിലിന്റെ കാലുകളും കത്തിക്കരിഞ്ഞ് അറ്റുപോയ നിലയിലായിരുന്നു. അവിവാഹിതനായ റെനിൽ ഒരു സ്വകാര്യ ഗ്യാസ് ഏജൻസിയിലെ ഡ്രൈവറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.