വിഴിഞ്ഞം: മദ്യപിച്ച് പ്രശ്നമുണ്ടാക്കിയത് ചോദ്യം ചെയ്ത ടാക്സി ഡ്രൈവറെയും വാഹനത്തെയും രണ്ടംഗ സംഘം ആക്രമിച്ചു.തടയാൻ ചെന്ന എസ്.ഐയെ മർദിച്ച് യൂനിഫോം വലിച്ചുകീറി. അക്രമികളെ പൊലീസ് പിടികൂടി. വ്യാഴാഴ്ച വൈകുന്നേരം അടിമലത്തുറ തീരത്തായിരുന്നു സംഭവം.
അടിമലത്തുറ സ്വദേശികളായ അനുരാജ് (28), അരുൺ (29) എന്നിവരെ എസ്.എച്ച്.ഒ പ്രജീഷ് ശശി, വിഴിഞ്ഞം എസ്.ഐ കെ.എൽ. സമ്പത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. വിഴിഞ്ഞത്തെ ഗ്രേഡ് എ.എസ്.ഐ സിറിൾ (55), ടാക്സി ഡ്രൈവർ ആന്റണി (28) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഗ്രേഡ് എ.എസ്.ഐയെ മർദിക്കുകയും യൂനിഫോം വലിച്ചുകീറുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. ആന്റണിയെ ആക്രമിച്ച സംഘം കാറിന്റെ ഗ്ലാസ് അടിച്ചുതകർത്തു. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സതേടി. അടിമലത്തുറ തീരത്തെ പഞ്ചായത്തുവക ചെറുപാർക്കിൽ ജോലിയിലേർപ്പെട്ടിരുന്ന അതിഥി തൊഴിലാളികളുടെ നേർക്കാണ് പ്രതികൾ ആദ്യം പ്രകോപനമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു.
ഇതിനൊപ്പം മദ്യപാനത്തെ ചോദ്യം ചെയ്തെന്ന പേരിലാണ് ടാക്സി ഡ്രൈവർ ആന്റണിയെ രണ്ടംഗസംഘം ആക്രമിച്ചതെന്നും അരുൺ വേറെയും കേസിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.