വിഴിഞ്ഞം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം പ്രതിരോധിക്കുന്നതിലും പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതിലും സിറ്റി പൊലീസിന് വീഴ്ചയുണ്ടായോയെന്ന് ആഭ്യന്തരവകുപ്പ് പരിശോധിക്കുന്നു. പൊലീസ് സ്റ്റേഷനുനേരെ ആക്രമണം നടക്കാൻ സാധ്യയുണ്ടെന്ന് ഒരു മാസം മുമ്പ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.
സമരവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും പൊലീസ് പിടികൂടിയാൽ മത്സ്യത്തൊഴിലാളികൾ സ്റ്റേഷൻ വളയുമെന്നും വേണ്ടിവന്നാൽ പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്നും ലത്തീൻ അതിരൂപത സമരവേദിയിൽ പുതിയതുറ ഇടവക വികാരി സജു റോൾഡൻ പ്രസംഗിച്ചതിന് പിന്നാലെയാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയത്. ജനകീയസമിതിയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച സംഭവത്തിൽ ആറുപേരെ പിടികൂടിയതിന് പിന്നാലെയായിരുന്നു വിവാദ പ്രസംഗം.
ശനിയാഴ്ചത്തെ സംഘർഷവുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ ജില്ലയുടെ തീരപ്രദേശങ്ങളിൽ ശക്തമായ സംഘർഷത്തിന് സാധ്യതയുണ്ടെന്നും കസ്റ്റഡിയോ അറസ്റ്റോ നടക്കുകയാണെങ്കിൽ ഏറെ കരുതലോടെ വേണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ, ജില്ല പൊലീസ് അധികാരികളിൽനിന്ന് കാര്യമായ മുൻകരുതലുണ്ടായില്ലെന്ന വിമർശനം രഹസ്യാന്വേഷണ വിഭാഗവും സംസ്ഥാന സ്പെഷൽ ബ്രാഞ്ചും ഉന്നയിക്കുന്നു. കേസിലെ ഏഴാം പ്രതി സെൽറ്റനെ അറസ്റ്റ് ചെയ്ത് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലാണ് എത്തിച്ചത്.
സെൽറ്റന്‍റെ വിവരങ്ങൾ അറിയാൻ 10 അംഗ സംഘമാണ് ആദ്യം പൊലീസ് സ്റ്റേഷനിൽ എത്തിയത്. എന്നാൽ, ഈ കൂട്ടത്തിൽ നാലുപേർക്കെതിരെ വിഴിഞ്ഞം സ്റ്റേഷനിൽ സമരവുമായി ബന്ധപ്പെട്ട കേസുകൾ ഉള്ളതിനാൽ ഇവരെ കസ്റ്റഡിയിലെടുത്തു. ഇതാണ് സംഘർഷത്തിന് വഴിവെച്ചത്. ഇതോടെ ഒപ്പമെത്തിയവർ ഫേസ്ബുക്ക് ലൈവ് വഴിയും വാട്സ്ആപ് വഴിയും സന്ദേശങ്ങൾ പ്രചരിപ്പിച്ചതായി പൊലീസ് പറയുന്നു.
സ്റ്റേഷന് മുന്നിൽ സ്ത്രീകളെ മാത്രം അണിനിരത്തി പ്രതിഷേധം നടത്താനായിരുന്നു തീരുമാനം. എന്നാൽ, യുവാക്കൾ ഉൾപ്പെടെ ആയിരങ്ങൾ സ്റ്റേഷന് മുന്നിൽ എത്തിയതോടെ സ്ഥിതിഗതികൾ വഷളായി. അപ്രതീക്ഷിതമായി സ്റ്റേഷനുനേരെ ആക്രമണമുണ്ടായപ്പോൾ പൊലീസിന് ചെറുത്തുനിൽക്കാൻ കഴിഞ്ഞില്ല.
മുമ്പും വിഴിഞ്ഞത്ത് പലതവണ പൊലീസ് പിടികൂടിയ പ്രതികളെ വിട്ടുകിട്ടാൻ റോഡ് ഉപരോധിച്ചു പ്രതിഷേധങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇത്തരമൊരു ആക്രമണം ആദ്യമായിരുന്നു. നിയമപരമായ നടപടികൾ മാത്രമാണ് നടന്നതെന്ന് ജില്ല പൊലീസ് മേധാവി സ്പർജൻകുമാർ ആവർത്തിക്കുമ്പോഴും കാര്യങ്ങൾ കൈകാര്യം ചെയ്തതിൽ ശ്രദ്ധക്കുറവുണ്ടായെന്ന വിമർശനം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.