വിഴിഞ്ഞം: തുറമുഖ നിർമാണ മേഖലയോട് ചേർന്നുള്ള വലിയ കടപ്പുറത്ത് മത്സ്യബന്ധന വള്ളങ്ങൾ കത്തിനശിച്ചു. ഉപയോഗം കഴിഞ്ഞതും അറ്റകുറ്റപ്പണിക്ക് കരയിൽ കയറ്റിവെച്ചതുമായ 25ഓളം വള്ളങ്ങളും പത്തോളം കട്ടമരങ്ങളുമാണ് കത്തിനശിച്ചതെന്ന് വിഴിഞ്ഞം ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം.
വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണസ്ഥലത്തെ പുലിമുട്ടിന് സമീപത്തെ കുറ്റിക്കാടിനാണ് ആദ്യം തീപിടിച്ചത്. തുറമുഖ ജീവനക്കാർ തീ നിയന്ത്രിക്കാൻ ശ്രമിച്ചു. പിന്നീട് വിഴിഞ്ഞത്തുനിന്ന് ഫയർഫോഴ്സിന്റെ രണ്ട് യൂനിറ്റ് എത്തി രണ്ടരമണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. സമീപത്ത് ഇരുന്നൂറോളം പുതിയ വള്ളങ്ങൾ തീ പടരാതെ സംരക്ഷിച്ചു.
കൂടുതൽ വള്ളങ്ങൾ കത്തി നശിച്ചെന്നും തീപിടിത്തത്തിൽ ദുരൂഹതയുള്ളതായി പൊലീസിൽ പരാതി നൽകിയതായും വിഴിഞ്ഞം ഇടവക ഭാരവാഹികൾ അറിയിച്ചു. കോസ്റ്റൽ പൊലീസിലും ഫിഷറീസ് സ്റ്റേഷനിലും പരാതി നൽകുമെന്നും അറിയിച്ചു. വിഴിഞ്ഞം ഫയർ സ്റ്റേഷൻ ഓഫിസർ അജയ് ടി.കെയുടെ നേതൃത്വത്തിൽ ജസ്റ്റിൻ, ഷിബി, രാജേഷ്, അഖിൽ, പ്രദീപ്, ഗോപകുമാർ, അനുരാജ്, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.