വിഴിഞ്ഞം: വൃദ്ധ ദമ്പതികൾ താമസിക്കുന്ന വീട്ടിലെ ഗ്യാസ് അടുപ്പിൽ സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ ഗ്യാസ് ചോർന്ന് തീ ആളിക്കത്തി ഏജൻസി ജീവനക്കാരനും വീട്ടിലെ വൃദ്ധദമ്പതികൾക്കും പൊള്ളലേറ്റു. മുടവൂർപാറയിലെ വിനോദ് ഭാരത് ഗ്യാസ് ഏജൻസി ജീവനക്കാരൻ ഷജീർ (45), വീട്ടുടമ വെങ്ങാനൂർ എം.പി നിവാസിൽ കെ.കെ. പ്രഭാകരൻ (82), മനോരമ എന്നിവർക്കാണ് പൊള്ളലേറ്റത്.
ഗുരുതരമായി പൊള്ളലേറ്റ ഷജീറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രഭാകരനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. വൃദ്ധ ദമ്പതികളെ സഹായിക്കാനാണ് വിതരണക്കാരൻ സിലിണ്ടർ ഘടിപ്പിക്കാനെത്തിയത്. എന്നാൽ, വിതരണക്കാരൻ പലവട്ടം െറഗുലേറ്റർ ഘടിപ്പിച്ചിട്ടും സിലിണ്ടറിൽനിന്ന് ഗ്യാസ് പുറത്തേക്ക് വരാത്തതിനാൽ കൈയിൽ കരുതിയ നേർത്ത കമ്പി കൊണ്ട് ഗ്യാസ് ലീക്ക് ചെയ്യിച്ചതിനെതുടർന്ന് വീടിനുള്ളിൽ ഗ്യാസ് പടരുകയും വലിയ ശബ്ദത്തോടെ തീ പടരുകയുമായിരുന്നു. ഷജീറിനും വീടിെൻറ വരാന്തയിൽ ഇരിക്കുകയായിരുന്ന ദമ്പതികൾക്കും പൊള്ളലേൽക്കുകയുമായിരുന്നു. വീട്ടുപകരണങ്ങൾ, പ്ലാസ്റ്റിക് സാധനങ്ങൾ എന്നിവയും കത്തിനശിച്ചു.
വലിയ ശബ്ദം കേട്ടാണ് പ്രദേശവാസികൾ സംഭവമറിയുന്നത്. ഉടൻതന്നെ പൊള്ളലേറ്റ ഷജീറിനെയും ദമ്പതികളെയും സ്വകാര്യ വാഹനത്തിൽ ആദ്യം വിഴിഞ്ഞം സി.എച്ച്.സിയിലെത്തിച്ചെങ്കിലും നഗരത്തിലെ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി. അപകട കാരണമറിയാൻ ഭാരത് ഗ്യാസ് അധികൃതർ ശനിയാഴ്ച വീട്ടിൽ പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.