വിഴിഞ്ഞം: വിഴിഞ്ഞത്തെ പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണം. മൊബൈൽ ഫോണിൽ സംസാരിക്കുന്നത് വിലക്കിയ ജീവനക്കാരനെ വടിവാളിന് വെട്ടിവീഴ്ത്തി. ഗുരുതര പരിക്കേറ്റ വിഴിഞ്ഞം മുക്കോല സ്വദേശി അനന്തുവി(25)നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെ വിഴിഞ്ഞത്തെ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിലായിരുന്നു സംഭവം.
ജീവനക്കാർ പറയുന്നതിങ്ങനെ: രാത്രി പതിനൊന്നോടെ ബൈക്കിൽ രണ്ട് യുവാക്കൾ പെട്രോൾ അടിക്കാനെത്തി. പുറകിലിരുന്ന യുവാവ് ഫോണിൽ സംസാരം തുടർന്നതിനെ അനന്തു തടഞ്ഞു. ഇത് വാക്കുതർക്ക ത്തിനിടയാക്കി. മറ്റ് ജീവനക്കാരും തൊട്ടടുത്ത കടയിലെ തൊഴിലാളികളും ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും അവിടെനിന്ന് പോയ സംഘത്തിലെ ഒരാൾ അര മണിക്കൂറിനുള്ളിൽ ബൈക്കിൽ തിരിച്ചെത്തി. കൈയിൽ കരുതിയിരുന്ന വടിവാൾകൊണ്ട് അനന്തുവിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ആക്രമണം കണ്ട മറ്റുള്ളവർ ഇടപെട്ട് അനന്തുവിനെ രക്ഷിക്കുന്നതിനിടയിൽ അക്രമി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
വിവരമറിഞ്ഞെത്തിയ വിഴിഞ്ഞം പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും പമ്പിലെ ജീവനക്കാരുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ വിഴിഞ്ഞം ടൗൺഷിപ് സ്വദേശി സഫറുല്ലാ ഖാൻ ആണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തു.
പ്രതിയും സഹായിയും എത്തിയ ബൈക്ക് ബാലരാമപുരം സ്വദേശിയുടേതാണെന്നും തിരിച്ചറിഞ്ഞു. ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
എന്നാൽ, ആദ്യസംഭവം നടന്നപ്പോൾ തന്നെ വിഴിഞ്ഞം പൊലീസിൽ വിവരമറിയിച്ചിട്ടും സ്റ്റേഷനിൽ നിന്ന് തൊട്ട്മാറിയുള്ള സ്ഥലത്ത് പൊലീസ് എത്തിയത് ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണെന്ന് ആരോപണമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.