വിഴിഞ്ഞം: പ്രധാൻ മന്ത്രി ഗ്രാം സടക് യോജന പ്രകാരം നിർമ്മിക്കുന്ന റോഡിന്റെ നിർമാണപ്രവർത്തനങ്ങളിൽ അപാകത ചൂണ്ടികാട്ടി ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് നിർമ്മാണം തടഞ്ഞു. ഓവർസിയറെ തടഞ്ഞു വെച്ച നാട്ടുകാർ കരാറുകാരന്റെ അഴിമതിക്ക് ഉദ്യോഗസ്ഥരും സഹായം ഒരുക്കുന്നതായി ആരോപിച്ചു. വിഴിഞ്ഞം ആട്ടറമൂല - മുക്കോല റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു പ്രശാന്ത്, മണ്ണക്കല്ല് വർഡംഗം പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞത്.
2.73 കോടി രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം നടത്തുന്നത്. അഞ്ചു വർഷത്തേക്ക് മെയിൻറനൻസ് തുകയായി 24 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ആട്ടറമൂല മുതൽ പുന്നകുളം, പയറുമൂട്, വട്ടവിള വഴി മുക്കോല പോകുന്ന 4.7 കിലോമീറ്റർ റോഡിന്റെ നിർമ്മാണത്തിൽ തുടക്കം മുതൽ തന്നെ നാട്ടുകാർ അപാകത ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും കരാറുകാരനെ സഹായിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്. 2023 ഏപ്രിൽ 12 ന് നിർമ്മാണം പൂർത്തിയാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പകുതിപോലും ആയില്ല. നിർമ്മാണപ്രവർത്തനങ്ങൾ പലപ്പോഴും ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലല്ല നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. പഴയ റോഡ് കുത്തിപ്പൊളിച്ച് ഇട്ടിരിക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം തടസപ്പെട്ടു.
ടാറിങ് കഴിഞ്ഞ ഭാഗങ്ങളിൽ വലിയ മെറ്റൽ കഷണങ്ങൾ പൊങ്ങി നിൽക്കുന്നു. ചിലയിടങ്ങളിൽ ടാർ ഇളകി മാറി. കൃത്യമായ നിരപ്പ് ഇല്ലാതെയാണ് പല സ്ഥലങ്ങളിലും ടാറിംഗ് പൂർത്തിയാക്കിയത്. വെള്ളിയാഴ്ച രാവിലെ ഓവർസിയറെ ഉൾപ്പടെ തടഞ്ഞു വെച്ച നാട്ടുകാർ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തി വെപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.