വിഴിഞ്ഞം: ആവശ്യപ്പെടാതെ തന്നെ പണം ബാങ്ക് അക്കൗണ്ടിൽ അയച്ച ശേഷം കഴുത്തറുപ്പൻ പലിശ സഹിതം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് വെങ്ങാനൂർ സ്വദേശിനിയായ യുവതിക്കെതിരെ ഓൺലൈൺ തട്ടിപ്പുകാരുടെ ഭീഷണി. നിരന്തരം ഭീഷണി ഉയർന്നതിനെ തുടർന്ന് വെങ്ങാനൂർ സ്വദേശിനി വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. പരാതി ലഭിച്ചതായും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും വിഴിഞ്ഞം പൊലീസ്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 31ന് ഹീറോ റുപ്പി എന്ന ഓൺ ലൈൻ ആപ് വഴി യുവതി ആദ്യം 2500 രൂപ ലോണായി എടുത്തിരുന്നു. ഇത് അഞ്ച് ദിവസത്തിനുള്ളിൽ പലിശ ഉൾപ്പെടെ 3900 രൂപ തിരിച്ചടക്കണമെന്ന് പണം നൽകിയശേഷം നിർദേശം നൽകി.
ഇതോടെ തട്ടിപ്പ് മനസ്സിലാക്കി എടുത്ത ലോൺ പലിശയടക്കം തിരിച്ചടച്ചു. വീണ്ടും ലോൺ നൽകാമെന്ന സംഘത്തിന്റെ വാഗ്ദാനം നിരസിച്ചെങ്കിലും യുവതിയുടെ അനുവാദമില്ലാതെ തട്ടിപ്പുകാർ നാലായിരത്തോളം രൂപ വീണ്ടും അക്കൗണ്ടിലിട്ട് നൽകി ഭീഷണിപ്പെടുത്തി കൊള്ളപ്പലിശ സഹിതം ഈടാക്കി.
അപകടം മനസ്സിലാക്ക ഇനി പണം വേണ്ടെന്നറിയിച്ചശേഷം മൊബൈലിൽനിന്ന് ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്തു. എന്നാൾ വീണ്ടും അക്കൗണ്ടിലേക്ക് പണമയച്ച തട്ടിപ്പുകാർ പലിശ ഉൾപ്പെടെ വേണമെന്ന് ഫോണിൽ വിളിച്ച് ഭീഷണി തുടർന്നു.
ഇംഗ്ലീഷിൽ സന്ദേശങ്ങൾ അയച്ചശേഷം മോർഫ് ചെയ്ത ചിത്രങ്ങൾ സഹിതം ബന്ധുക്കൾക്ക് അയച്ച് നൽകുമെന്നതുൾപ്പെടെ ഹിന്ദി സംസാരിക്കുന്ന ആൾക്കാർ ഫോൺ വഴി നിരന്തരമായി ഭീഷണി ഉയർത്തിയതിനെ തുടർന്നാണ് യുവതി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.