വിഴിഞ്ഞം: സ്വത്തുതർക്കത്തിന്റെ പേരിൽ വഴക്കടിച്ച മകൾ പിതാവിനെ കല്ലുകൊണ്ട് തലക്കടിച്ച് വീഴ്ത്തി മർദിച്ചു. പയറ്റുവിള പുളിയൂർക്കോണം കുന്നുവിള വീട്ടിൽ ശ്രീധരൻ നാടാറി(73)നെയാണ് മകൾ മിനിമോൾ(46) ആക്രമിച്ചത്. യുവതിയെ അറസ്റ്റ് ചെയ്ത വിഴിഞ്ഞം പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു.
ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ശ്രീധരനെയും മകൻ അനിലിനെയും മരുമകളെയും അവരുടെ കുട്ടികളെയും യുവതി അസഭ്യംപറയുകയും അനിലിന്റെ കാർ തല്ലിപ്പൊട്ടിക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്തതിലുള്ള വൈരാഗ്യത്തിലാണ് മിനിമോൾ ശ്രീധരനെ തള്ളിയിട്ട് മർദിച്ചും കല്ലെടുത്ത് തലക്കടിക്കുകയും ചെയ്തതെന്ന് വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി അറിയിച്ചു.
തുടയെല്ല് പൊട്ടി ശസ്ത്രക്രിയ നടത്തി കമ്പി ഇട്ടിരുന്ന ശ്രീധരന്‍റെ കാലിന്റെ ഭാഗത്ത് യുവതി ചവിട്ടുകയും ചെയ്തു. സഹോദരന് സ്വത്ത് കൂടുതൽ കൊടുത്തു എന്ന കാരണത്താൽ ഇവർ ശ്രീധരനുമായി നിരന്തരം വഴക്കുണ്ടാക്കുക പതിവായിരുന്നതായി നാട്ടുകാർ പറയുന്നു. ശ്രീധരന്റെ പശുവിനെ അഴിച്ചുകൊണ്ടുപോയ സംഭവവും വൃക്ഷങ്ങൾ വെട്ടി വിറ്റ സംഭവങ്ങളും ഇതിനിടയിൽ ഉണ്ടായിട്ടുള്ളതായി പൊലീസ് അറിയിച്ചു.
എസ്.ഐ വിനോദ്, എ.എസ്.ഐ ചന്ദ്രലേഖ, കോൺസ്റ്റബിൾ ഗീതു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പരിക്കേറ്റ ശ്രീധരൻ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.