വിഴിഞ്ഞം: ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പിൽ പൊലീസ് ചമഞ്ഞെത്തിയ ആറംഗ സംഘം തൊഴിലാളികളുടെ പക്കലുണ്ടായിരുന്നു 84,000 രൂപ കവർന്നു. പണവുമായി മടങ്ങിയ സംഘം പുറത്തിറങ്ങി ഓടുന്നത് കണ്ട് സംശയം തോന്നിയ മറ്റ് തൊഴിലാളികൾ ബഹളം വെച്ച് കവർച്ചാ സംഘത്തെ പിന്തുടർന്ന് നാട്ടുകാരുടെ സഹായത്താേടെ രണ്ടുപേരെ പിടികൂടി പൊലീസിന് കെെമാറി.
പശ്ചിമ ബംഗാൾ ദിനാപൂർ സ്വദേശി നൂർ അലമിയ (27), ചാല ഫ്രണ്ട്സ് നഗറിൽ ടി.സി. 34/222ൽ ശ്രീഹരി(27) എന്നിവരാണ് പിടിയിലായത്.ശനിയാഴ്ച രാത്രി 10.30 ഓടെ വെങ്ങാനൂർ നെല്ലിവിള മുള്ളുവിളയിൽ ജ്ഞാന ശീലൻ നടത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പിലാണ് സംഭവം. ക്യാമ്പിൽ 30 പേരാണ് താമസിക്കുന്നതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. രാത്രിയോടെയെത്തിയ ആറംഗം സംഘം തങ്ങൾ പൊലീസ് ആണെന്നും പണംവെച്ച് ചീട്ട് കളിക്കുകയാണെന്നറിഞ്ഞ് എത്തിയതാണെന്നും പറഞ്ഞ് തൊഴിലാളികളെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് തൊഴിലാളികളുടെ പക്കൽ ഉണ്ടായിരുന്ന 84000 രൂപ കൈക്കലാക്കി. അവരുടെ മൊബൈൽ ഫോണുകളും സംഘം പിടിച്ചെടുത്തെങ്കിലും മടങ്ങുന്നതിന് മുമ്പ് ഫോണുകൾ തിരികെ നൽകി.
ചാല കേന്ദ്രികരിച്ച് ഉത്തരേന്ത്യൻ തൊഴിലാളികൾക്ക് വളർത്തുമീൻ വെട്ടി വിൽപന നടത്തുന്ന രണ്ട് മലയാളികളും നാല് ബംഗാൾ സ്വദേശികളുമടങ്ങുന്ന ആറംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലായ പ്രതികളിലൊരാൾക്ക് വീണ് തലയ്ക്കും മുഖത്തും പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.