വിഴിഞ്ഞം: മത്സ്യബന്ധനത്തിനിടെ ഉൾക്കടലിൽനിന്ന് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി അപൂർവ വസ്തു. ഇത് ആംബർഗ്രീസാണെന്ന് (തിമിംഗില വിസർജ്യം) സംശയം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി ഏറ്റെടുത്തു.
തീരത്തുനിന്ന് 32 കിലോമീറ്റർ ഉൾക്കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് വസ്തു ലഭിച്ചത്. വിഴിഞ്ഞത്തുനിന്ന് ലോറൻസിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിലുള്ളവർക്ക് ഇതു കിട്ടിയ വിവരം ആദ്യം മറൈൻ എൻഫോഴ്സ്മെന്റിനെയും പിന്നീട് പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസിലും അറിയിച്ചു.
സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം.കെ. ബിന്ദു, വാച്ചർമാരായ സുഭാഷ്, നിഷാദ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. വാർഡ് കൗൺസിലർ പനിയടിമയുടെ നേതൃത്വത്തിൽ പരിശോധിച്ച് 26.51 കി.ഗ്രാം ഭാരമുള്ള വസ്തുവിനെ ഫോറസ്റ്റുകാർ പരിശോധനക്കായി കൊണ്ടുപോയി.
ഇക്കഴിഞ്ഞ ജനുവരി 12 ന് കോവളം ഹവ്വാ ബീച്ചിൽ തീരത്തോടുചേർന്ന് മെഴുക് രൂപത്തിലുള്ള വസ്തു കണ്ടെത്തി. ആംബർ ഗ്രീസാണെന്ന് സംശയിച്ചെങ്കിലും പരിശോധനയിൽ അതല്ലെന്ന് തെളിഞ്ഞു. ഇന്നലെ കിട്ടിയ വസ്തുവും പരിശോധനക്കായി ആർ.ജി.സി.ബി ലാബിലേക്ക് അയക്കുമെന്ന് അധികൃതർ പറഞ്ഞു. തിമിംഗലങ്ങളിൽ ദഹനപ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന സ്വാഭാവിക ഉൽപന്നമാണിത്. വന്യജീവി സംരക്ഷണ പട്ടികയിൽ ഷെഡ്യൂൾ 2ൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇവ കൈവശംവെക്കുന്നതോ വിൽക്കുന്നതോ നിയമപരമായി കുറ്റകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.