വിഴിഞ്ഞം: പുല്ലുവിളയിൽ ദു:ഖവെള്ളിയുടെ ഭാഗമായി വീട്ടുകാർ പ്രാർഥനക്കായി പള്ളിയിൽ പോയ സമയം പൂട്ട് തകർത്ത് 40 പവൻ സ്വർണവും 10,000 രൂപയും കവർന്നു. പുല്ലുവിള കിളിത്തട്ട് വിളാകം ‘ഗോട്ടൽ ഭവനിൽ’ തദേയൂസ് ഫെമിയാന്റെ വീട്ടിലാണ് കവർച്ച നടന്നത്.
ഇരുനില വീടിന്റെ മുകളിലത്തെ നിലയുടെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് വീട്ടിനുള്ളിൽ പ്രവേശിച്ചത്. താഴത്തെ നിലയിലെ മുറിയിൽ അലമാരക്കുള്ളിൽ സൂക്ഷിച്ച ലോക്കറിന്റെ പൂട്ട് പൊളിച്ച് സ്വർണവും പണവും കവരുകയായിരുന്നു. ദുഃഖവെള്ളിയുമായി ബന്ധപ്പെട്ട തിരുകർമങ്ങളിൽ പങ്കെടുക്കാൻ തദേയൂസും കുടുംബവും ഉച്ചക്ക് രണ്ടരയോടെയാണ് പള്ളിയിൽ പോയത്. ഏഴരയോടെ തിരികെയെത്തി.
അരമണിക്കൂറിനു ശേഷം വീണ്ടും പള്ളിയിലെ നഗരി കാണിക്കൽ ശുശ്രൂഷയിൽ പങ്കെടുക്കാൻ പോയി പതിനൊന്നരയോടെ മടങ്ങി വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതറിഞ്ഞത്. പൊലീസ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ എത്തി തെളിവുകൾ ശേഖരിച്ചു. തെളിവെടുപ്പിനെത്തിയ പൊലീസ് നായ് മണം പിടിച്ച് കടന്നുപോയ വഴികളിൽ സി.സി ടി.വി കാമറകളുണ്ട്. ഇതു പരിശോധിക്കുമെന്നും അന്വേഷണം ഊർജിതമാക്കിയതായും കാഞ്ഞിരംകുളം പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.