വിഴിഞ്ഞം: വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ മുറ്റത്ത് തൊണ്ടി മുതലായി സൂക്ഷിച്ചിരുന്ന ബൈക്ക് മോഷണം പോയി. മാലപൊട്ടിച്ച കേസിൽ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്കുള്ളിലാണ് സ്റ്റേഷൻ വളപ്പിൽ നിന്ന് ബൈക്ക് കവർച്ച ചെയ്തത്.
സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മാസ്ക് ധരിച്ച രണ്ട് പേരാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയെങ്കിലും ആളെ തിരിച്ചറിയാനായിട്ടില്ല. സ്റ്റേഷൻ മുറ്റത്ത് നിന്ന് ഒരാൾ ബൈക്ക് ഉരുട്ടി പുറത്തേക്ക് പോകുമ്പോൾ മറ്റൊരാൾ റോഡിൽ നിന്ന് പരിസരം വീക്ഷിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിഴിഞ്ഞം ബസ് സ്റ്റാൻഡ് ഭാഗത്തേക്കാണ് ബൈക്ക് കൊണ്ടുപോയത്.
തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ ഉച്ചക്കട ജങ്ഷന് സമീപം യുവതിയുടെ മാലയാണ് യമഹ ബൈക്കിലെത്തിയ യുവാവ് പൊട്ടിക്കാൻ ശ്രമിച്ചത്. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ മോഷ്ടാവ് ബൈക്ക് പുന്നക്കുളം റോഡിലേക്ക് ഓടിച്ച് പോയെങ്കിലും വഴിയിൽ പണിമുടക്കി.
നാട്ടുകാർ പിന്തുടരുന്നത് മനസിലാക്കിയതോടെ കള്ളൻ ബൈക്ക് റോഡരിൽ പൂട്ടിവച്ച ശേഷം കടന്നു. വിവരമറിഞ്ഞെത്തിയ വിഴിഞ്ഞം പൊലീസ് പൂട്ട് തകർത്ത് കസ്റ്റഡിയിലെടുത്ത ബൈക്ക് സ്റ്റേഷനിൽ എത്തിച്ച് തൊണ്ടി സ്ഥലത്ത് സൂക്ഷിക്കുകയായിരുന്നു.
കേസിൽ ചൊവ്വാഴ്ച രാവിലെ മഹസർ എഴുതാനായി നോക്കുമ്പോഴാണ് ബൈക്ക് നഷ്ടപ്പെട്ട വിവരമറിയുന്നത്. തുടർന്ന് നടത്തിയ സി.സി.ടി.വി പരിശോധനയിലാണ് രണ്ട് യുവാക്കൾ വാഹനം കടത്തിക്കൊണ്ടുപോയതായി തെളിഞ്ഞത്. ബൈക്കിൽ വ്യാജ നമ്പർ പ്ലേറ്റ് വെച്ചിരുന്നത് അന്വേഷണത്തിന് തടസമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.