വിഴിഞ്ഞം: ബൈക്കിലെത്തി സ്ത്രീകളെയും വയോധികരെയും കൊള്ളയടിച്ച് പൊലീസിന് തലവേദനയുണ്ടാക്കി വിലസിയ രണ്ടംഗസംഘത്തിലെ ഒരാൾ അറസ്റ്റിൽ. ഒരാഴ്ചക്കുള്ളിൽ വിഴിഞ്ഞം കാഞ്ഞിരംകുളം സ്റ്റേഷൻ അതിർത്തികളിൽ നിന്നായി മൂന്ന് പേരെയാണ് സംഘം കൊള്ളയടിച്ചത്. കരിംകുളം പുതിയതുറ പുരയിടം വീട്ടിൽ ഷാജി(19)യെയാണ് കാഞ്ഞിരംകുളം സി.ഐ അജിചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് തന്ത്രപൂർവം കുടുക്കിയത്.
ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ നടന്നുപോവുകയായിരുന്ന കരിച്ചൽ ചാവടി സ്വദേശി ഉഷയുടെ കൈയിലുണ്ടായിരുന്ന 2500ഓളം രൂപയും മൊബൈൽ ഫോണുമടങ്ങിയ പഴ്സ് ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ച് കടന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയിൽ വയോധികനായ കരിച്ചൽ സ്വദേശി സാമുവലി(82)നെയും വെള്ളിയാഴ്ച സമാനമായ രീതിയിൽ കൊള്ളയടിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെ വിഴിഞ്ഞം കോട്ടുകാൽ പുന്നവിള മാവിള വീട്ടിൽ യശോധ(65)യെ കൊള്ളയടിച്ച സംഘം ബാങ്കിൽ നിന്ന് വീണ്ടെടുത്ത പണയാഭരണമായ നാല് പവനും ഒമ്പതിനായിരം രൂപയും മൊബൈൽ ഫോണുമടങ്ങിയ പഴ്സുമായി കടന്നു.
സി.സി.ടി.വിക്ക് പോലും പിടികൊടുക്കാത്ത തരത്തിൽ വിജനമായ സ്ഥലങ്ങളിൽനിന്ന് പിടിച്ചുപറി നടത്തുന്ന സംഘത്തിനായുള്ള തിരച്ചിൽ പൊലീസ് ഇതോടെ കൂടുതൽ ഊർജിതമാക്കി. ഇതിനോടകം നിരവധി കാമറകൾ പരിശോധനക്ക് വിധേയമാക്കിയെങ്കിലും വിഴിഞ്ഞം പൊലീസിന് പ്രതികളെക്കുറിച്ച് കാര്യമായ തുമ്പൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ കാഞ്ഞിരംകുളം പൊലീസ് നടത്തിയ തിരച്ചിലിൽ സംശയകരമായികണ്ട പ്രതികളെ അക്രമത്തിനിരയായ ഒരാൾ തിരിച്ചറിഞ്ഞത് അനുഗ്രഹമായി. തുടർന്ന് ഷാജിയെ പിടികൂടി നടത്തിയ ചോദ്യംചെയ്യലിലാണ് വിഴിഞ്ഞം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടന്ന മോഷണങ്ങളുടെ ചുരുളഴിഞ്ഞത്. പണികൾക്ക് പോകാത്ത ഷാജിക്ക് ഓരോ മോഷണങ്ങൾക്കും ആയിരം രൂപ വീതം പ്രതിഫലം നൽകിയിരുന്നതായും ഒന്നാംപ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.