വിഴിഞ്ഞം: നടുക്കടലിൽ മരണത്തെ മുഖാമുഖം കണ്ടപ്പോൾ ജീവിതത്തിലേക്ക് ഇങ്ങനെയൊരു മടങ്ങിവരവ് പൂന്തുറ സ്വദേശികളായ നെപ്പോളിയനും തോമസും പ്രതീക്ഷിച്ചില്ല. ദൈവത്തെ വിളിച്ച് കേഴുേമ്പാൾ മുന്നിൽ രക്ഷകനായെത്തിയത് കൊൽക്കത്തക്കാരൻ സുബ്രദോ ബിശ്വാസ്. കഴിഞ്ഞദിവസം മത്സ്യബന്ധനത്തിനിടെ വള്ളംമറിഞ്ഞ് കടലിൽ അകപ്പെട്ട ഇരുവരും ആ നിമിഷങ്ങളെ ഞെട്ടലോടെയാണ് ഒാർക്കുന്നത്. അന്ന് കരപറ്റാൻ സഹായിച്ച സുബ്രതോ ഇരുവരെയും കാണാൻ വീണ്ടുമെത്തി. സുബ്രദോയെ കണ്ടപ്പോൾ രക്ഷപ്പെട്ടവരും ബന്ധുക്കളും തങ്ങളുടെ സന്തോഷം മറച്ചുവെച്ചില്ല. കൈകൾ കൂപ്പി അവർ നന്ദി പറഞ്ഞു.
മുന്നറിയിപ്പുകളൊന്നും ഇല്ലാത്തതിനാൽ മത്സ്യബന്ധനത്തിന് തിരിച്ച തങ്ങൾ തീരത്തുനിന്ന് 15 കിലോമീറ്റർ ഉള്ളിലെത്തുമ്പോഴാണ് കാറ്റ് വില്ലനായത്. ഉടൻ തീരത്തേക്ക് തിരിച്ചു. ഹാർബറിലേക്ക് കയറുമ്പോഴാണ് വള്ളം അപകടത്തിൽപെട്ട് മറിഞ്ഞത്. ഉച്ചത്തിൽ സഹായം അഭ്യർഥിക്കുകയും ദൈവത്തെ വിളിച്ച് കരയുകയും ചെയ്ത തങ്ങളുടെ അടുത്തേക്ക് സുബ്രദോ എത്തുകയായിരുന്നു. ഇൻബോർഡ് എൻജിൻ ഘടിപ്പിച്ച ചെറിയ ബോട്ടിൽ സുബ്രദോ രക്ഷക്കിറങ്ങുകയായിരുന്നു. മറിഞ്ഞ വള്ളത്തിനരികെ പിടിച്ചുകിടന്ന് നിലവിളിച്ച തോമസിെൻറയും നെപ്പോളിയെൻറയും അടുത്തെത്തി വള്ളം വിട്ട് ചാടാൻ സുബ്രദോ പറഞ്ഞു. തുടർന്ന് കൈപിടിച്ച് ബോട്ടിലേക്ക് കയറ്റാൻ ശ്രമിക്കവെ വീണ്ടുമെത്തിയ തിരയിൽ രണ്ടുപേരും വെള്ളത്തിൽ മുങ്ങി. പിന്നാലെ വന്ന അടുത്ത തിരക്കൊപ്പം തോമസും നെപ്പോളിയനും ഉയർന്നുവരുന്നത് കണ്ട് സുബ്രദോ വള്ളം തുഴഞ്ഞെത്തി രണ്ടുപേരെയും വലിച്ചുകയറ്റുകയായിരുന്നു.
അത്രയും നേരം കടൽ വെള്ളം കുടിച്ച് ഇരുവരും ഏറെ അവശരായിരുന്നു. കരയിലേക്ക് കൊണ്ടുവരുമ്പോൾ പലതവണ തിരയടിച്ച് വള്ളം മറിയുമെന്ന സാഹചര്യമുണ്ടായിട്ടും സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് സുബ്രതോ ഹാർബറിലേക്ക് ഇരുവരെയും വലിച്ചുകയറ്റി.
അപകടത്തിൽപെട്ട് കിടക്കുമ്പോൾ മുന്നിലൂടെ കടന്നുപോയ വള്ളക്കാർ രക്ഷിക്കാൻ തയാറായില്ല. അവർ സഹായിച്ചിരുന്നെങ്കിൽ ഒപ്പമുണ്ടായിരുന്ന സ്റ്റെല്ലസ് മരിക്കില്ലായിരുന്നെന്ന് നെപ്പോളിയനും തോമസും പറഞ്ഞു. ഒരു മണിക്കൂറോളം പൂന്തുറ പള്ളിക്ക് സമീപം ഇവർക്കൊപ്പം ചെലവഴിച്ചശേഷമാണ് സുബ്രദോ മടങ്ങിയത്. വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പിനുകീഴിൽ കരാർ ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ് സുബ്രദോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.