വിഴിഞ്ഞം: കേരളത്തിൽ അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹൃദയഭേദകമായ അവസ്ഥയിലൂടെയാണ് ജനം കടന്നുപോകുന്നതെന്നും തുടർച്ചയായ ഇത്തരം സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത് നമ്മൾ പ്രകൃതിയെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു . അപകടസാധ്യതയുള്ള മേഖലകളിൽനിന്ന് ജനം മാറി താമസിക്കണം. നാവികസേനയും കരസേനയും വ്യോമസേനയും പ്രതിസന്ധികളെ നേരിടാൻ പൂർണ സജ്ജരാണ്.
എങ്കിൽപോലും മുഴുവൻ ജനങ്ങളും ജാഗ്രത പാലിക്കണം. മഴ മുന്നറിയിപ്പ് നൽകുന്നതിൽ
വീഴ്ചയുണ്ടായെന്ന ആരോപണം ശക്തമാണെങ്കിലും ഇതിനോട് പ്രതികരിക്കാനില്ലെന്നും ഗവർണർ പറഞ്ഞു. വെള്ളായണിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ പുഞ്ചക്കരി, വെള്ളായണി അടക്കമുള്ള പ്രദേശങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറുകയും നാശനഷ്ടം ഉണ്ടാകുകയും ചെയ്തു. ഇതിനെ തുടർന്നാണ് 30 കുടുംബങ്ങളെ മുടിപ്പുരനട എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. ക്യാമ്പിലെത്തിയ ഗവർണർ ദുരിതബാധിതരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു.
വെള്ളപ്പൊക്കത്തിൽ വീട്ടിലെ മുഴുവൻ സാധനങ്ങളും നഷ്ടമായെന്നും ർക്കാറിെൻറ ഭാഗത്തുനിന്ന് അടിയന്തര സഹായം വേണമെന്നും ക്യാമ്പിലുണ്ടായിരുന്നവർ ഗവർണറോട് ആവശ്യപ്പെട്ടു. എല്ലാസഹായവും എത്തിക്കാനുള്ള ഇടപെടൽ ഉറപ്പുനൽകിയ ഗവർണർ അരമണിക്കൂറോളം ക്യാമ്പിൽ ചെലവഴിച്ചശേഷമാണ് മടങ്ങിയത്. എം. വിൻസെൻറ് എം.എൽ.എ, ജില്ല പഞ്ചായത്തംഗം ഭഗത്ത് റൂഫസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.