വിഴിഞ്ഞം: വിദേശത്തേക്ക് വിസ വാഗ്ദാനം നൽകി യുവാക്കളിൽനിന്ന് ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങിയയാളെ ഒരു വർഷത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളറട അഞ്ചുമരങ്കാല കുഴിവിള വീട്ടിൽ ജയനെയാണ് (62) വിഴിഞ്ഞം സി.ഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിൽ എസ്.ഐ വിനോദ്, സി.പി.ഒമാരായ രാമു, ഷൈൻ രാജ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തിരുവല്ലം, ബാലരാമപുരം സ്റ്റേഷൻ പരിധികളിൽ നിരവധിപേരെ കബളിപ്പിച്ചതായും പൊലീസിന് വിവരം ലഭിച്ചു. വവ്വാമൂല സ്വദേശികളായ നാല് യുവാക്കളിൽനിന്ന് ലക്ഷങ്ങൾ വാങ്ങിയ കേസിലാണ് നടപടി.
തൊഴിൽ വിസക്കെന്ന പേരിൽ ഒരോരുത്തരിൽനിന്ന് ലക്ഷങ്ങൾ വാങ്ങിയ ജയൻ വിസിറ്റിങ് വിസ നൽകി പറ്റിക്കുകയായിരുന്നു. കാര്യമറിയാതെ വിദേശത്തെത്തിയവർ ഏറെ കഷ്ടതകൾ സഹിച്ചാണ് നാട്ടിൽ തിരിച്ചെത്തിയത്. പ്രതിയെ കണ്ട് പണം ആവശ്യപ്പെട്ടതോടെയാണ് ഇയാൾ മുങ്ങിയത്. തട്ടിപ്പിനെതിരെ യുവാക്കൾ വിഴിഞ്ഞം പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതി എറണാകുളത്തുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചു. ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റിയായി ജോലി നോക്കുകയായിരുന്ന ജയനെ വെള്ളിയാഴ്ച വൈകീട്ടോടെ പിടികൂടുകയായിരുന്നു. രണ്ടുപേർ കൂടി തട്ടിപ്പ് സംഘത്തിലുണ്ട്. ഇതിലൊരാൾ വിദേശത്താണെന്നും പൊലീസിന് വിവരം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.