മാനന്തവാടി: തോണിച്ചാലിൽ യുവാവിനെ പട്ടിക കൊണ്ട് അടിച്ചു കൊന്നെന്ന കേസിലെ പ്രതികളായ അന്തർ സംസ്ഥാന തൊഴിലാളികളായ സഹോദരങ്ങളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. വെസ്റ്റ് ബംഗാൾ ജൽപായ്ഗുരി സ്വദേശികളായ സൂരജ് ലോഹർ, സാരജ് എന്ന രാജു ലോഹർ എന്നിവരെയാണ് മാനന്തവാടി അഡിഷനൽ സെഷൻസ് കോടതി ജഡ്ജ് ടി. ബിജു വെറുതെ വിട്ടത്. പ്രതികളുടെ നാട്ടുകാരനും കൂടെ ജോലി ചെയ്ത് വന്നിരുന്നതുമായ ആനന്ദ് എന്നയാളാണ് കൊല്ലപ്പെട്ടത്. 2018 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
തോണിച്ചാലിലെ ക്വാർട്ടേഴ്സിലെ താമസക്കാരനായ ആനന്ദിനെ വാക്കുതർക്കത്തിനൊടുവിൽ തൊട്ടടുത്ത മുറികളിൽ താമസിച്ചു വന്നിരുന്ന പ്രതികൾ പട്ടിക കഷണങ്ങൾ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കേസിൽ മൂന്ന് ദൃക്സാക്ഷികളടക്കമുള്ളവരെ വിസ്തരിച്ചിട്ടും പ്രതികളെ വെറുതെ വിട്ടെന്ന അപൂർവ സാഹചര്യവും വിധിയിലുണ്ടായി. പ്രതികൾ മുഖാന്തിരം കൊലപാതത്തിനുപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കുകയും മറ്റ് ശാസ്ത്രീയ സാഹചര്യ തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നെങ്കിലും മതിയായ തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. പ്രതികൾക്ക് വേണ്ടി അഡ്വ. മിഥുൻ ബാബു ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.