കേണിച്ചിറ-ഏരിയപ്പള്ളി-പുൽപള്ളി റോഡിലെ ചാലുകൾ വാഹനങ്ങൾക്ക് ഭീഷണിയാവുന്നു
കേണിച്ചിറ: കേണിച്ചിറ-മണൽവയൽ-ഏരിയപ്പള്ളി റോഡിന് ഇരുവശത്തും വലിയചാൽ രൂപപ്പെട്ടത് വാഹനങ്ങൾക്ക് ദുരിതമാകുന്നു. ജൽജീവൻ മിഷൻ ശുദ്ധജല വിതരണ പദ്ധതിക്ക് വേണ്ടി പൈപ്പിടൽ പ്രവൃത്തി ആരംഭിച്ചത് മുതലാണ് റോഡിൽ ദുരിതം ആരംഭിച്ചത്. റോഡിനിരുവശത്തും ചാലുകൾ രൂപപ്പെട്ടത് കാരണം വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ താഴ്ചയിലേക്ക് മറിയുന്നത് നിത്യസംഭവമാണ്.
ഈ റോഡിൽ സ്ഥിരമായി യാത്രചെയ്യാത്ത വാഹനങ്ങളാണ് അപകടത്തിൽപെടുന്നതിൽ ഏറെയും. പൊതുവെ വീതി കുറഞ്ഞ റോഡിന് ഇരുവശത്തും ആഴത്തിൽ നീളത്തിൽ ചാലുകൾ രൂപപ്പെട്ട് കാട് കയറി മൂടിക്കിടക്കുകയാണ്. കേണിച്ചിറ- താഴത്തങ്ങാടി പാലം മുതൽ അതിരാറ്റുക്കുന്ന് വരെ അപകടം പിടിച്ച യാത്രയാണ്. ചെറുതും വലുതുമായി നിരവധി അപകടങ്ങൾ നടക്കുന്നത് പതിവാണ്. അപകടത്തിൽപെടുന്നതിലേറേയും ഇരുചക്രവാഹന യാത്രക്കാരാണ്. പുൽപള്ളി കേണിച്ചിറ റൂട്ടിൽ നിരവധി ബസുകൾ സർവിസ് നടത്തുന്നുണ്ട്. റോഡിൽ ഇരുവശത്തും രൂപപ്പെട്ട ചാലുകൾ മൂടുന്നതിന് ആവശ്യമായ നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പാലങ്ങൾ അപകടാവസ്ഥയിൽ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ
കോളേരി: പൂതാടി പഞ്ചായത്തിലെ കോളേരി-വെള്ളിമല-തൊപ്പിപ്പാറ റോഡിലെ കോൺക്രീറ്റ് പാലവും വലിയ പാലവും അപകടാവസ്ഥയിൽ. വർഷങ്ങൾക്കു മുമ്പ് തകർന്ന ചെറിയ പുഴക്ക് കുറുകെയുള്ള കോൺക്രീറ്റ് പാലം ഇതുവരെ പുനർനിർമിക്കാനുള്ള നടപടിയുണ്ടായില്ല.
തകർന്ന ഈ പാലത്തിൽ കൂടിയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. കോളേരി നരസിപുഴക്ക് കുറുകെയുള്ള വലിയപാലത്തിന്റെ സ്ഥിതിയും ശോച്യാവസ്ഥയിലാണ്. പാലത്തിന്റെ കൈവരികളും തകർന്ന അവസ്ഥയിലാണ്. വർഷങ്ങൾക്കു മുമ്പുഈ റൂട്ടിൽ ബസ് സർവിസ് ഉണ്ടായിരുന്നു. പിന്നീട് ഗതാഗതം നിലച്ചു.
കുടിവെള്ളപദ്ധതിയുടെ പൈപ്പിടലിനായി റോഡ് പൊളിച്ചതും ഗതാഗതത്തിന് തടസ്സമായി. രണ്ടു പാലങ്ങളും പൊളിച്ച് പുതിയത് നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി നാട്ടുകാരുടെ കൂട്ടായ്മയിൽ നിവേദനം നൽകാനും പ്രക്ഷോഭ പരിപാടികളും നടത്താനാണ് തീരുമാനം.
വൈത്തിരി പാലത്തിന്റെ നടപ്പാതയിൽ കുഴി
വൈത്തിരി: ദേശീയപാത കടന്നുപോകുന്ന വൈത്തിരി കുന്നത്ത് പാലത്തിൽ നടപ്പാതയിൽ കുഴികൾ രൂപപ്പെട്ട് ദിവസങ്ങളായിട്ടും നടപടിയെടുക്കാതെ അധികൃതർ. പാലത്തിലൂടെയുള്ള നടപ്പാതയിൽ രണ്ടിടങ്ങളിലായാണ് കുഴികൾ രൂപപ്പെട്ടത്.
പാലത്തിൽ കെട്ടികിടക്കുന്ന വെള്ളം ഒഴുകിപോകുന്നതിനായി ഉണ്ടാക്കിയ ദ്വാരമാണ് വലിയ കുഴിയായി മാറിയത്. കാൽനടക്കാർക്ക് വലിയ ഭീഷണിയാണ് ഈ കുഴികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.