മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് ഇടിഞ്ഞകൊല്ലി പ്രദേശത്ത് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി പ്രദേശവാസികളുടെ ജീവിതം ദുരിതപൂർണമാക്കുകയാണെന്ന് പരാതി.
ക്വാറി പ്രവർത്തിക്കുന്നത് പാരിസ്ഥിതിക ആഘാത പഠന വകുപ്പ് നിർദേശിച്ച പൊതുനിയമങ്ങൾ പാലിക്കാതെയാണെന്ന് വാളാട് ക്വാറി വിരുദ്ധ സമരസമിതി വാർത്തസമ്മേളനത്തിൽ പറഞ്ഞു. അനുവദിച്ചതിലും കൂടിയ സ്ഫോടനങ്ങൾമൂലം ക്വാറിയുടെ സമീപത്തുള്ളവരുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും കിണറിലെ ജലനിരപ്പ് താഴ്ന്നതും ക്ഷീരകർഷകരുടെ പശുക്കൾക്ക് ഗർഭം അലസുന്നതും വലിയ ശബ്ദത്തിൽ പാറ പൊട്ടിക്കുന്നത് കാരണം കുഞ്ഞുകുട്ടികൾ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണരുന്നതും പതിവാണ്.
ക്വാറിയുടെ 50 മീറ്ററിനുള്ളിൽ വീടുകളുള്ളത് പരിഗണിക്കാതെയാണ് ലൈസൻസ് നൽകിയത്. 2019ലെ പ്രളയകാലത്ത് ക്വാറിയുടെ അടുത്ത് മലയിടഞ്ഞ് വീട് നശിക്കുകയും സർക്കാർ ഇവരെ പുനരധിവസിപ്പിക്കുകയും ചെയ്തിരുന്നു. ഒരു പഠനങ്ങളും നടത്താതെ ക്വാറി അനുവദിക്കുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതു സംബന്ധിച്ച് നിരവധി തവണ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ ക്വാറി അടച്ചുപൂട്ടുന്നത് വരെ ജനകീയ സമരം നടത്തുന്നതിന്റെ ഭാഗമായി നവംബർ 24ന് വൈകീട്ട് അഞ്ചുമണിക്ക് വാളാട് ടൗണിൽ ജനകീയ ധർണയും പ്രതിഷേധ പ്രകടനവും നടത്തും.
വാർത്തസമ്മേളനത്തിൽ റെജി മാത്യു, പി.വി. ജോണി, ജീനി ജോസഫ്, ലതിക മേലാട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.