കൽപറ്റ: അതിദാരിദ്ര്യ നിർണയ പ്രക്രിയ സമയബന്ധിതമായി പൂർത്തീകരിച്ചപ്പോൾ ജില്ലയിൽ 3005 അതിദരിദ്ര കുടുംബങ്ങളുള്ളതായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ കണ്ടെത്തൽ. അഞ്ച് വർഷത്തിനുള്ളിൽ അതിദാരിദ്ര്യം നിർമാർജനം ചെയ്യാനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്നതാണ് അതിദാരിദ്ര്യ നിർണയ പ്രക്രിയ. ജില്ലയിലെ മൊത്തം കുടുംബങ്ങളുടെ 1.5 ശതമാനം മാത്രമാണ് അതിദരിദ്രർ.
ഏറ്റവും കൂടുതൽ അതിദരിദ്ര കുടുംബങ്ങൾ പനമരം ഗ്രാമപഞ്ചായത്തിലാണ്- 219 കുടുംബങ്ങൾ. ഏറ്റവും കുറവ് കൽപറ്റ മുനിസിപ്പാലിറ്റിയിലാണ്- 27 കുടുംബങ്ങൾ. ജില്ലയിലെ അതിദുർഘട പ്രദേശങ്ങളിലും വനാതിർത്തിയിൽ ആദിവാസി ഊരുകളിലുമുൾപ്പെടെ പ്രവർത്തനം സമയബന്ധിതമായി കൃത്യതയോടെ പൂർത്തീകരിച്ച് സംസ്ഥാനത്തിൽതന്നെ വയനാട് ജില്ല മാതൃകയായി. 15,000ഓളം പേരുടെ പങ്കാളിത്തത്തോടെയാണ് പ്രക്രിയ പൂർത്തീകരിച്ചത്. 11,000ലധികം പേർ പങ്കെടുത്ത ഫോക്കസ് ഗ്രൂപ് ചർച്ചകളിലൂടെ 3696 കുടുംബങ്ങളെ കണ്ടെത്തി. ഇവരുടെ എന്യൂമറേഷനും മേൽപരിശോധനയും മൊബൈൽ ആപ് വഴിയാണ് പൂർത്തീകരിച്ചത്.
സാങ്കേതിക സഹായത്തിനായി ജില്ലതലത്തിൽ രൂപവത്കരിക്കപ്പെട്ട ഹെൽപ് ഡെസ്ക് വഴി മൊബൈൽ ആപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഫോക്കസ് ഗ്രൂപ് ചർച്ചകളിലൂടെ കണ്ടെത്തിയ അതിദരിദ്രരുടെ ലിസ്റ്റ് പ്രീ എന്യൂമറേഷൻ, എന്യൂമറേഷൻ, മേൽ പരിശോധന എന്നീ ഘട്ടങ്ങളിലൂടെ പരിഷ്കരിച്ച് 3005 പേരുടെ പട്ടിക ഏഴുദിവസം പൊതുസ്ഥലങ്ങളിൽ പ്രസിദ്ധീകരിച്ചു. ഇതിലുള്ള ആക്ഷേപങ്ങൾ ഗ്രാമസഭ മുഖേന പരിശോധിച്ച് തീർപ്പാക്കി ഗ്രാമസഭയുടെ അംഗീകാരം വാങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതിയും ചേർന്നാണ് അന്തിമ പട്ടികക്ക് അംഗീകാരം നൽകിയത്.
ഭക്ഷണ ലഭ്യത, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയെ അടിസ്ഥാനമാക്കി തീവ്ര അതിതീവ ഘടകങ്ങൾ ബാധകമാക്കുന്ന കുടുംബങ്ങളെ അതിദരിദ്രരായി കണക്കാക്കുന്ന രീതിയിലാണ് സൂചകങ്ങൾ നിശ്ചയിച്ചത്. അഗതി, ആശ്രയ ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാതെ പാർശ്വവത്കരിക്കപ്പെട്ട അതിദരിദ്രരെയാണ് കണ്ടെത്തിയത്.
14ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി അതിദരിദ്രരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അനുയോജ്യമായ പദ്ധതികൾ നടപ്പിലാക്കുന്നതിനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. സമയബന്ധിതമായി നിർണയ പ്രക്രിയ പൂർത്തീകരിക്കുന്നതിനായി പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സന്നദ്ധ പ്രവർത്തകരെയും ജില്ലതല നോഡൽ ഓഫിസർ പി.സി. മജീദ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.