കൽപറ്റ: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം, ചികിത്സ, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്. മന്ത്രിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലതല ഉദ്യോഗസ്ഥരുമായി നടന്ന മഴക്കാല പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ മൂന്ന് താലൂക്കുകളിലായി 45 ക്യാമ്പുകളില്‍ 2616 പേരാണ് താമസിക്കുന്നത്. ക്യാമ്പുകളിലെല്ലാം മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ക്യാമ്പുകളിലും ആരോഗ്യ പ്രവര്‍ത്തകരെ വിന്യസിപ്പിച്ചിട്ടുണ്ട്.
ജില്ലയിലെ ഏഴ് നദികളിലെ നീരൊഴുക്ക് സംബന്ധിച്ച് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭരണകൂടം ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. ശക്തമായ മഴയിലും കാറ്റിലും കെ.എസ്.ഇ.ബിയുടെ 560 പോസ്റ്റുകളും രണ്ടു ട്രാന്‍സ്ഫേര്‍മറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിടാതെ കെ.എസ്.ഇ.ബി ജാഗ്രത പുലര്‍ത്തുന്നുണ്ട്. ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ഭരണകൂടവും ജലസേചന വകുപ്പും കൃത്യമായി ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
കര്‍ണാടക വ്യഷ്ടിപ്രദേശങ്ങളില്‍ മഴ കൂടുതലായി പെയ്യുന്നതിനാല്‍ നീരൊഴുക്ക് കൂടാന്‍ സാധ്യതയുണ്ട്. ജില്ല കലക്ടര്‍ കര്‍ണാടക ജില്ല ഭരണകൂടവും ജലസേചന വകുപ്പുമായി നിരന്തരം ബന്ധപ്പെടുകയും ഡാം തുറക്കലുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ലഭിക്കുന്നതിന് ഇടപെടലുകള്‍ നടത്തിയതായും മന്ത്രി അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി കല്ലൂര്‍ കോളനിയില്‍ അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രശ്നപരിഹാരത്തിന് മികച്ച പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയ ജില്ല ഭരണകൂടത്തെ മന്ത്രി അഭിനന്ദിച്ചു.
മാനന്തവാടി: മഴക്കാലമെത്തിയതോടെ മാനന്തവാടി അഗ്നിരക്ഷ യൂനിറ്റ് വെള്ളത്തിലായി. 2004 ൽ എം.പി ഫണ്ട് ഉപയോഗിച്ച് മാനന്തവാടി ഗ്രാമപഞ്ചായത്ത് വള്ളിയൂർക്കാവ് പുഴയോരത്ത് നിർമിച്ച കെട്ടിടത്തിലാണ് അഗ്നിരക്ഷ നിലയം സ്ഥിതി ചെയ്യുന്നത്. സ്വന്തമായി കെട്ടിടം നിർമിക്കുന്നത് വരെ ലീസിന് നൽകിയ കെട്ടിടമാണിത്. സ്റ്റേഷൻ ആരംഭിച്ച കാലംമുതൽ വെള്ളപ്പൊക്കത്തിൽ സ്റ്റേഷൻ പരിസരത്തും നിലയത്തിനുള്ളിലും വെള്ളം കയറി സ്റ്റേഷന്റെ പ്രവർത്തനം തടസ്സപ്പെടുന്ന ദുരവസ്ഥയുണ്ട്. തുടർന്ന് താലൂക്ക് ഓഫിസിലേക്കും ഗവ. ഹൈസ്കൂളിലേക്കും താൽക്കാലികമായി പ്രവർത്തനം മാറ്റിവരികയാണ് പതിവ്. ഈ വർഷവും ഇതേ ഗതികേടിലാണ് സ്ഥാപനം. 2018, 2019 വർഷങ്ങളിലുണ്ടായ അപ്രതീക്ഷിത പ്രളയത്തിൽ വിലപ്പെട്ട രേഖകളും അഗ്നിശമന ഉപകരണങ്ങളും ജീവനക്കാരുടെ സാധന സാമഗ്രികളും പെട്ടെന്ന് മാറ്റാൻ സാധിക്കാത്തതിനാൽ നഷ്ട്ടപ്പെട്ടിരുന്നു. കൂടാതെ പഞ്ചായത്ത് ലീസിനു നൽകിയ കെട്ടിടമായതിനാൽ നാളിതുവരെ യാതൊരുവിധ അറ്റകുറ്റപ്പണികളും കെട്ടിടത്തിൽ നടത്താൻ കഴിഞ്ഞിട്ടില്ല. വാതിൽ, ജനൽ, ബാത്ത്റൂം സീലിങ് എന്നിവ തകർന്ന് കിടക്കുകയാണ്. മാനന്തവാടി താലൂക്കിലെ ഏറ്റവും ദയനീയവസ്ഥയിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമാണ് ഈ നിലയം. ഇവിടെ 39 സ്ഥിരം ജീവനക്കാരും ഒമ്പത് ഹോംഗാർഡുകളും ജോലിചെയ്യുന്നുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള കെട്ടിടത്തിൽ ജീവനക്കാർ വളരെയധികം ബുദ്ധിമുട്ടിയാണ് മുന്നോട്ട് പോകുന്നത്. പൊതുജനങ്ങൾക്ക് സേനയുടെ സേവനം ഏറ്റവും ആവശ്യമായി വരുന്ന വർഷക്കാലത്ത് സേനാംഗങ്ങൾ തന്നെ സ്വയം ജീവനും സ്വത്തും സംരക്ഷിക്കേണ്ട അവസ്ഥയിലാണ്.
നിലവിൽ മാനന്തവാടി താലുക്കിനോടനുബന്ധിച്ച് സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും പുതിയ കെട്ടിടം നിർമിച്ചിട്ടില്ല. ഇവിടെ സ്ഥലപരിമിതിയുള്ളതും കോടതി പരിസരമായതും സേനയുടെ സ്വാഭാവിക പ്രവർത്തനം തടസ്സപ്പെടുത്താനുള്ള സാധ്യത ഉയർത്തുന്നുണ്ട്.
അതിനാൽ നിലവിൽ പ്രവർത്തിക്കുന്ന സ്ഥലത്ത് തന്നെ പില്ലറുകൾ സ്ഥാപിച്ച് അടിഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യും വിധത്തിലും മുകൾഭാഗം വെള്ളപ്പൊക്ക ഭീഷണി ഇല്ലാത്തവിധത്തിൽ പുതിയ കെട്ടിടം നിർമിച്ച് സേനയുടെ പ്രവർത്തനം കാര്യക്ഷ്യമമാക്കണമെന്നുമാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.