കല്പറ്റ: ഹോട്ടലില്‍ നിന്ന് അല്‍ഫഹം, മന്തി എന്നിവ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ. വയനാട്, കോഴിക്കോട് സ്വദേശികളായ നാല്പതോളം പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഞായറാഴ്ച രാത്രി കല്പറ്റ ഡീ പോള്‍ സ്കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ മുസ്വല്ലയിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷ വിഭാഗവും ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥര്‍ ഹോട്ടൽ അടപ്പിച്ചു.
പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥിനിയെ അനുമോദിക്കാനാണ് പലയിടങ്ങളിലായി താമസിക്കുന്ന കുടുംബം പനമരത്തെ കാര്യാട്ട് നസീറിന്റെ വീട്ടിൽ എത്തിയത്. ഞായറാഴ്ച രാത്രി കുടുംബസമേതം ഹോട്ടലില്‍ എത്തിയാണ് ഇവർ ഭക്ഷണം കഴിച്ചത്.
തിരിച്ചെത്തിയപ്പോൾ അസ്വസ്ഥത അനുഭവപെട്ടതിനെ തുടർന്ന് 14 പേരെ പനമരം ഗവ. ആശുപത്രിയിലും രണ്ടാളെ മാനന്തവാടി ഗവ. മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
റഹിയാനത്ത് (45), പനമരം അൻഫാല (18), ആയിഷ സെയ (എട്ട്), അദീബ (21), അദീല (15), ഹാജറ (12), സഫല (17), അസ് ലം (21), സിജ്ല (40), കണിയാമ്പറ്റ സഫീന (39), പനമരം സാബിറ (39), സെനു (4), സറു (4), സിജില (42) എന്നിവരെ പനമരം സി.എച്ച്.സിയിലും അമീന (11), സാദിഖ് (44) മാനന്തവാടി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മുനീറ (48), നഫ്രാസ് (20), റുക്സാന (19) എന്നിവരെ ബത്തേരി കരുണ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
പൊഴുതന മീൻച്ചാലിൽ കരിയാട്ടുപൊയിൽ സിദ്ദീഖിന്റെ കുടുംബത്തിലെ ഒമ്പതുപേരും ചികിത്സയിലാണ്. ഇവർ ഹോട്ടലിൽനിന്നും മന്തി പാർസൽ വാങ്ങിക്കുകയായിരുന്നു. റംലത്ത് (55), മുഫാഹർ (26), നജുമ (29), നൗറിൻ (8), റയാൻ ഫാരിസ് (12), സൽമാൻ ഫാരിസ് (20), മുഹമ്മദ് ഫർസാൻ(5), സഹ്റ ഫാത്തിമ(10), സബീന (46) എന്നിവർ കൽപറ്റ ഫാത്തിമ ആശുപത്രിയിൽ ചികിത്സയിലാണ്.
കല്പറ്റ ജനറല്‍ ആശുപത്രിയില്‍ 14 പേര് ചികിത്സ തേടി. ഇതില്‍ അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഛര്‍ദിയും വയറിളക്കവുമാണ് ഭൂരിഭാഗം പേര്‍ക്കും അനുഭവപ്പെട്ടത്.
ആരുടെയും നില ഗുരുതരമല്ല. ഹോട്ടലിലെ ഭക്ഷ്യ വസ്തുക്കളുടെ സാമ്പിള്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധനക്ക് അയക്കും. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ കല്പറ്റയിലെ മറ്റു ഹോട്ടലുകളിലും വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.