കൽപറ്റ: കൂടൽ കടവിൽ ആദിവാസിയെ കാറിൽ വലിച്ചിഴച്ച സംഭവത്തിലും എടവകയിൽ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയും ജില്ലയിൽ വ്യാപക പ്രതിഷേധം. വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
ആദിവാസിയെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ രണ്ടുപേരെ പിടികൂടുകയും മറ്റുള്ളവർക്കായി മാനന്തവാടി പൊലീസ് തിരച്ചിൽ ശക്തമാക്കുകയും ചെയ്തപ്പോൾ എടവകയിൽ ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ട്രൈബൽ പ്രമോട്ടറെ സസ്പെൻഡ് ചെയ്തു.
വിഷയത്തിൽ പരസ്പരം പഴിചാരി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. ആദിവാസി സംഘടനകൾ ഉൾപ്പെടെ പ്രതിഷേധം ശക്തമാക്കി.
മാനന്തവാടി: കൂടൽകടവിൽ മാതനെന്ന യുവാവിനെ കാറിന്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്.
നാലുപേരടങ്ങുന്ന പ്രതികളിൽ രണ്ടുപേരെ ചൊവ്വാഴ്ച അറസ്റ്റുചെയ്തിരുന്നു. ഒളിവിൽ പോയ രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ ഊജിതമാക്കി. ഇവരെകുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. മാനന്തവാടി പോലീസ് സ്റ്റേഷൻ, ഫോൺ: 04935 240232, ഇൻസ്പെക്ടർ എസ്.എച്ച്.ഒ മാനന്തവാടി, ഫോൺ: 9497987199, സബ് ഇൻസ്പെക്ടർ മാനന്തവാടി, ഫോൺ: 949780816.
മാനന്തവാടി: എടവക പഞ്ചായത്തിലെ ആദിവാസി വയോധികയുടെ സംസ്കാരത്തിന് ആംബുലൻസ് ലഭിക്കാത്ത സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന കാര്യം അന്വേഷിക്കണമെന്ന് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. മാനന്തവാടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃതദേഹം കൊണ്ടുപോകാനുള്ള ആംബുലൻസ് എടവക പഞ്ചായത്ത് പരിധിയിലെ പി.എച്ച്.എസിൽ ഉണ്ടായിരുന്നു. എന്നാൽ, ആംബുലൻസ് ഉപയോഗിച്ചില്ല. മാത്രമല്ല വിവിധ സന്നദ്ധ സംഘടകൾക്ക് കീഴിലും രാഷ്ട്രീയ പാർട്ടിക്ക് കീഴിലും ആംബുലൻലുണ്ട്. ഇതൊന്നും ഉപയോഗിച്ചില്ല എന്നത് ഗൗരവത്തോടെ കാണണം.
പഞ്ചായത്ത് പ്രസിഡന്റും വാർഡ് അംഗവും ആംബുലൻസ് സംഘടിപ്പിച്ച് നൽകാൻ തയാറായില്ല. എല്ലാവർക്കും കൂട്ടുത്തരവാദിത്തമുണ്ട്. മൃതദേഹം ഓട്ടോറിക്ഷയിൽ കയറ്റിപോയി എന്നുള്ളത് വേദനാജനകമാണ്. പ്രമോട്ടറെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മാനന്തവാടി: സി.പി.എം ജനങ്ങളെ വിഡ്ഡികളാക്കുന്നുവെന്ന് മുസ് ലിം ലീഗ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
എടവകയിൽ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോയ സംഭവത്തിൽ പട്ടികവർഗ വകുപ്പിനുണ്ടായ വീഴ്ച മറച്ചുവെക്കാൻ പഞ്ചായത്ത് ഭരണസമിതിയുടെ മേൽ കെട്ടിവെക്കാനുള്ള സി.പി.എം ശ്രമം ശക്തമായി നേരിടുമെന്ന് ലീഗ് അറിയിച്ചു. വീട്ടിച്ചാൽ നാലുസെൻറ് ഉന്നതിയിലെ വയോധിക കഴിഞ്ഞ ഞായറാഴ്ച രാത്രി മരിക്കുകയും സംസ്കാരം തിങ്കളാഴ്ച രണ്ടിന് നടത്താമെന്ന് നിശ്ചയിക്കുകയും ചെയ്തതാണ്. പ്രമോട്ടർ അടക്കമുള്ള ആളുകളെ വാർഡ് മെംബർ കൃത്യമായി വിവരങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു.
കൃത്യസമയത്ത് വാഹനം എത്തുന്നില്ലെന്ന് കണ്ടപ്പോൾ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു. എന്നാൽ, നാലുമണിവരെയും വാഹനം എത്താത്തതിനെ തുടർന്ന് സ്വകാര്യ ആംബുലൻസ് ഏർപ്പെടുത്തി. ഇതിലും താമസം വന്നതിനാൽ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോകേണ്ട അവസ്ഥ ഉണ്ടായി. പട്ടികവർഗ വിഭാഗം ഓഫിസിൽനിന്ന് ഇത്തരത്തിലുള്ള നിരുത്തരവാദ സമീപനം നിരന്തരമായി ഉണ്ടാകുന്നത് കാരണം പട്ടികവർഗ ഓഫിസ് പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങൾ ഉപരോധിച്ചിരുന്നു.
എസ്.ടി പ്രമോട്ടറെ ജോലിയിൽനിന്ന് മാറ്റിനിർത്തി ഉത്തരവാദപ്പെട്ടവർക്കതിരെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുമെന്ന് രേഖാമൂലം നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്. മന്ത്രി ഒ.ആർ. കേളുവിന്റെ മണ്ഡലത്തിൽ അദ്ദേഹത്തിന് കീഴിലുള്ള ട്രൈബൽ വകുപ്പിനുണ്ടായ ഗുരുതര അനാസ്ഥയും വകുപ്പിനുണ്ടായ വീഴ്ചയും മറച്ചുവെക്കുന്നതിന് യു.ഡി.എഫ് ഭരണസമിതിയുടെയും വാർഡ് മെംബറുടെയും ചുമലിൽ കെട്ടിവെക്കാൻ സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ശ്രമങ്ങൾ നേരിടുമെന്നും ലീഗ് നേതാക്കൾ അറിയിച്ചു.
വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മമ്മൂട്ടി വെട്ടൻ, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുട്ടി ബ്രാൻ, മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി സി.എച്ച. ജമാൽ, ഗ്രാമപഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് ശിഹാബ് അയാത്ത്, പഞ്ചായത്ത് ലീഗ് ട്രഷറർ കെ.ടി. അഷ്റഫ്, വൈസ് പ്രസിഡന്റ് കെ.വി.സി. മുഹമ്മദ്, യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറർ റഹീം അത്തിലൻ, പഞ്ചായത്ത് എം.എസ്.എഫ് ഭാരവാഹികളായ കെ. അബ്ദുള്ള, മുത്തലിബ് തോക്കൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.