കൽപറ്റ: ഉരുൾ ദുരന്തത്തെത്തുടർന്ന് നിശ്ചലമായ വയനാട് ടൂറിസം പതിയെ മുന്നോട്ട്. ഓണക്കാലത്തെ നാലു ദിവസങ്ങളിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ വരുമാനം 24 ലക്ഷം. നാൽപതിനായിരത്തോളം വിനോദ സഞ്ചാരികളാണ് ഈ ദിവസങ്ങളിൽ എത്തിയത്.
ഉരുൾപൊട്ടലിൽ വലിയ പ്രതിസന്ധിയിലായ വയനാട്ടിലെ ടൂറിസം മേഖല തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളും കാമ്പയിനുകളും സർക്കാർ തലത്തിലും സംഘടനകളും ഊർജിതമായി നടത്തുകയാണ്. ഇതിനിടെയാണ് ഓണക്കാലത്ത് നാലു ദിവസത്തിലായി 39,363 പേർ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയത്. സ്വകാര്യ റിസോർട്ട്, ഹോംസ്റ്റേ തുടങ്ങിയ ഇടങ്ങളിൽ അവധിക്കാലം ആഘോഷിക്കാനെത്തിയവരുടെ കണക്ക് ഇതിനു പുറമെയാണ്.
ജില്ലയിൽ കൂടുതൽ സഞ്ചാരികളെത്തിയിരുന്ന പൂക്കോട് തടാകത്തിൽ ഇൗ മാസം ഒന്നിന് ആകെയെത്തിയത് 172 സന്ദർശകർ മാത്രമായിരുന്നു. എന്നാൽ, കഴിഞ്ഞ 16ന് 2756 സന്ദർശകർ എത്തി. കഴിഞ്ഞ ദിവസങ്ങളിലായി സന്ദർശകരുടെ എണ്ണം എല്ലായിടത്തും വർധിച്ചിട്ടുണ്ട്.
കൽപറ്റ: ജില്ലയിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കാൻ കാമ്പയിൻ അടക്കം തകൃതിയായി നടക്കുമ്പോഴും ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങളിലൊന്നായ കാന്തൻപാറ വെള്ളച്ചാട്ടം ഇനിയും തുറന്നില്ല. ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി ലഭിക്കാത്തതാണ് കേന്ദ്രം തുറക്കാൻ വൈകുന്നത്. ഡി.ടി.പി.സിക്ക് കീഴിലുള്ള ഈ കേന്ദ്രത്തിൽ നിരവധി സഞ്ചാരികളാണ് എത്തിയിരുന്നത്. ഉരുൾപൊട്ടലുണ്ടായ സമയത്താണ് ഇത് അടച്ചത്.
എന്നാൽ, മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്നെങ്കിലും കാന്തൻപാറ അടച്ചിട്ടിരിക്കുകയാണ്. മുണ്ടക്കൈ ദുരന്തത്തിനു മുമ്പ് ദിവസേന 300-500 എണ്ണം സഞ്ചാരികൾ എത്തിയിരുന്നു ഇവിടെ. ഓണക്കാലത്ത് ഡി.ടി.പിസിക്ക് കീഴിലുള്ള മറ്റു കേന്ദ്രങ്ങൾ തുറന്നെങ്കിലും കാന്തൻപാറ തുറക്കാത്തത് ഇതിനോടു ചേർന്ന് ഉപജീവനം നടത്തുന്നവർക്കും തിരിച്ചടിയായി. ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങളായ സൂചിപ്പാറ വെള്ളച്ചാട്ടം, മീൻമുട്ടി വെള്ളച്ചാട്ടം എന്നിവ ഇക്കോ ടൂറിസം സെന്ററുകൾ പൂട്ടിയതിന്റെ ഭാഗമായി എട്ടുമാസമായി അടച്ചിട്ടിരിക്കുകയാണ്.
കാരപ്പുഴ: കാരാപ്പുഴയില്‍ അനുദിനം വിനോദസഞ്ചാരികളുടെ തിരക്കേറുന്നു. 12,149 പേരാണ് വിനോദസഞ്ചാരികളായി ഓണക്കാലത്തെ നാലു ദിവസങ്ങളിലായി എത്തിയത്. 3.26 ലക്ഷം രൂപ ടിക്കറ്റ് വരുമാനമായും ലഭിച്ചു.
ഏറെക്കാലത്തിനു ശേഷമാണ് കാരാപ്പുഴ ഡാമിന് പരിസരത്തെ പാര്‍ക്കിങ് സ്ഥലം വിനോദസഞ്ചാരികളുടെ വാഹനങ്ങളാല്‍ നിറഞ്ഞത്. ഓണാവധിക്കാലത്ത് ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവ് കൂടിയിരുന്നു. ദുരന്തം ഒരു പ്രദേശത്തെ മാത്രമാണ് ബാധിച്ചതെന്നും വിനോദസഞ്ചാര കേന്ദ്രങ്ങൾ സുരക്ഷിതമാണെന്നും പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം മുതല്‍ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ കൂടുതലായി എത്തിയതോടെ കച്ചവടവും വര്‍ധിച്ചു. സിപ്പ് ലൈന്‍ അടക്കമുള്ള റൈഡുകള്‍ ആസ്വദിക്കാനും കൂടുതല്‍ പേരെത്തി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയതിനെക്കാള് അയല്‍ ജില്ലകളില്‍ നിന്നാണ് കൂടുതല്‍ സന്ദര്‍ശകര്‍ ചുരം കയറിയെത്തിയത്. കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളും ഉണ്ടായിരുന്നു.
കൽപറ്റ: ജില്ലയില്‍ വനംവകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നുപ്രവര്ത്തിപ്പിക്കാത്തത് വിനോദസഞ്ചാര മേഖലയിൽ തിരിച്ചടിയാകും. കേന്ദ്രങ്ങള്‍ ഏഴു മാസമായി അടഞ്ഞുകിടക്കുകയാണ്. കുറുവ വിനോദസഞ്ചാര കേന്ദ്രം താൽക്കാലിക ജീവനക്കാരന് പാക്കം വെള്ളച്ചാലില്‍ പോള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പുല്പള്ളിയില് നടന്ന ജനകീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ വനംവകുപ്പ് അടച്ചതാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍. പിന്നീട് ഹൈകോടതിയും ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടാൻ നിർദേശം നൽകി. കുറുവ ദ്വീപ് ഉൾപ്പടെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചിട്ടത് ടൂറിസം മേഖലയെ കാര്യമായി ബാധിക്കുന്നുണ്ട്.
വൈത്തിരി: ഉരുൾ ദുരന്തത്തിനുശേഷം വയനാട്ടിൽ പാടേ നിലച്ച വിനോദസഞ്ചാര മേഖല പതിയെ സജീവമായിത്തുടങ്ങി. ജില്ലയിലേക്ക് സഞ്ചാരികൾ കുറേശ്ശയായി എത്തിത്തുടങ്ങി. ഒന്നര മാസമായി വിനോദ സഞ്ചാരികൾ എത്താത്തതു കാരണം ജില്ലയിലെ ടൂറിസവുമായി ബന്ധപ്പെട്ട മിക്ക സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയായിരുന്നു. നേരിട്ടും അല്ലാതെയും ടൂറിസത്തെ ആശ്രയിച്ചു കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങൾ ഇതുമൂലം ദുരിതത്തിലായി.
ഓണക്കാലത്ത് സഞ്ചാരികൾ കുറേശ്ശയായി എത്തിയെങ്കിലും വ്യാപാര മേഖല നിശ്ചലമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി, കാലാവസ്ഥ അനുകൂലമായതോടെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും റിസോർട്ടുകളിലും ക്രമേണ സഞ്ചാരികൾ വർധിച്ചു. പൂക്കോട് തടാകത്തിലും ബാണാസുര, കാരാപ്പുഴ ഡാമുകളിലും സഞ്ചാരികളുണ്ടായിരുന്നു. ദൂരെദിക്കുകളിൽനിന്നും വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. എന്നാൽ, പാക്കേജ് ട്രിപ്പായി വരുന്ന സഞ്ചാരികൾ കുറവാണ്. അതിഥികൾ എത്താത്തതുമൂലം ജില്ലയിലെ ഹോം സ്റ്റേകളിലും ലോഡ്ജുകളിലും റിസോർട്ടുകളിലുമൊന്നും കാര്യമായ തിരക്കില്ല.
അമ്പലവയല്‍: അടച്ചിട്ടിരുന്ന ചീങ്ങേരി അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രം തുറന്നത് സന്ദര്‍ശകര്‍ക്ക് ആശ്വാസമാകും. ഉരുൾ ദുരന്തത്തെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചപ്പോഴാണ് ചീങ്ങേരി മലയിലും സന്ദര്‍ശകരെ വിലക്കിയത്.
മറ്റു കേന്ദ്രങ്ങളെല്ലാം തുറന്നെങ്കിലും ചീങ്ങേരി മലയിലെ ട്രക്കിങ് പുനരാരംഭിച്ചിരുന്നില്ല. ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനമടക്കം കണക്കിലെടുത്ത് ചീങ്ങേരി മല സന്ദര്‍ശകര്‍ക്കായി കഴിഞ്ഞ ദിവസമാണ് വീണ്ടും തുറന്നത്.
ജില്ലയില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങളെല്ലാം മാസങ്ങളായി അടച്ചിട്ടതിനാല്‍ ട്രക്കിങ് അസ്വദിക്കാനെത്തുന്നവര്ക്കെന്നും അതിനുള്ള സൗകര്യമുണ്ടായിരുന്നില്ല. ചീങ്ങേരി മലയുടെ മുകളിലേക്കുള്ള ട്രക്കിങ്ങും കാരാപ്പുഴ ഡാം റിസര്‍വോയറിന്റെ കാഴ്ചയും അസ്തമയ കാഴ്ചയുമെല്ലാം ആസ്വദിക്കാന്‍ ഒട്ടേറെ പേർ എത്താറുണ്ടായിരുന്നു. നിലവില്‍ മഴ കുറയുകയും തെളിഞ്ഞ കാലാവസ്ഥയുമായതിനാല്‍ ട്രക്കിങ് ആസ്വാദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി ചീങ്ങേരി മല കീഴടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.