കൽപറ്റ: മൊബൈൽ ഗെയിം മിക്ക കുട്ടികളുടെയും ഇഷ്ട വിനോദമാണ്. അതിൽനിന്ന് മാറി നടക്കാൻ കുട്ടികൾക്ക് ഒരിക്കലും ഇഷ്ടവുമല്ല. അതുപോലെ തന്നെയായിരുന്നു മീനങ്ങാടി മാന്തിയിൽ വീട്ടിൽ ഷിബുവിന്റെ മകൻ എം.എസ്. ആബേലും.
മൊബൈലിൽ ഗെയിം കളിക്കുന്നത് പതിവായതോടെ മാതാവ് ഷീബ, മകന്റെ ഗെയിം ഭ്രാന്ത് മാറ്റാൻ കമ്പ്യൂട്ടറിൽ ചെസ് കളിക്കുന്നത് കാണിച്ചു കൊടുത്തു.
ആദ്യം വലിയ താൽപര്യം കാണിച്ചില്ലെങ്കിലും പിന്നീട് കറുപ്പും വെളുപ്പും കള്ളികൾ തീർത്ത ആ ചതുരംഗ ബോർഡ് ആബേൽ കൂടുതൽ ഇഷ്ടപ്പെട്ടു. കളിയുടെ ബാലപാഠം സ്വായത്തമാക്കി തുടങ്ങിയതോടെ സ്കൂൾ മത്സരങ്ങളിൽ പങ്കെടുത്തു.
മീനങ്ങാടി ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചെസിലേക്ക് കടന്നുവരുന്നത്. അവിടുന്ന് തുടങ്ങിയ യാത്ര ദേശീയ തലത്തിൽ വരെ മത്സരങ്ങളിൽ കരുക്കൾ നീക്കി വിജയം നേടാൻ ആബേലിനെ പ്രാപ്തനാക്കി. തുടക്കകാലത്ത് മീനങ്ങാടി പഞ്ചായത്ത് ജീവനക്കാരനായ സന്തോഷ്, എക്സൈസിൽ ജോലി ചെയ്തിരുന്ന വിനീഷ്, കൽപറ്റ എൽ.ഐ.സി ജീവനക്കാരനായ രമേശ് എന്നിവരാണ് ഗുരുക്കന്മാർ. മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ് ആബേൽ.
ഇന്റർനാഷനൽ ചെസ് കളിക്കാരനായ ആബേലിന്റെ റേറ്റിങ് 1513 ആണ്. ഈ കാലയളവിൽ കേരളത്തിനകത്തും പുറത്തുമായി നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഡൽഹി, പൂണെ, ഹൈദരബാദ്, പുതുച്ചേരി, കോയമ്പത്തൂർ, ബംഗളൂരു, ചെന്നൈ, ട്രിച്ചി, മംഗളൂരു എന്നിവിടങ്ങളിൽ നടന്ന വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടിയിട്ടുണ്ട്. കേരളവും ക്യൂബയും തമ്മിലുള്ള രാജ്യാന്തര ചെസ് ടൂർണമെന്റിൽ 19 വയസിന് താഴെയുള്ളവരുടെ മത്സരത്തിൽ വയനാടിനെ പ്രതിനിധീകരിക്കുന്നത് ആബേലാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന എം.എസ്. എയ്ഞ്ചൽ സഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.