കൽപറ്റ: ശനിയാഴ്ച ഗുണ്ടൽപേട്ടയിൽ പിക്കപ്പ്വാനും പാൽലോറിയും കൂട്ടിയിടിച്ച സ്ഥലത്തെത്തിയിട്ടും അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ എത്തിക്കാതെ തിരിച്ചുപോയ ആംബുലൻസിന്‍റെ കഥ സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയാണ് പൾസ് എമർജൻസി ടീം സംസ്ഥാന ഭാരവാഹിയായ സലീം കൽപറ്റ. വയനാട്, കോഴിക്കോട് സ്വദേശികളായ യുവാക്കൾ മരിച്ച അപകടസ്ഥലത്ത് വിവരമറിഞ്ഞയുടൻ ടോൾ പ്ലാസയിൽ നിർത്തിയിടുന്ന ആംബുലൻസ് എത്തിയിരുന്നു.
എന്നാൽ, പിക്കപ്പ് വാനിലുണ്ടായിരുന്നവർ മരിച്ചെന്ന് അറിഞ്ഞപ്പോൾ ഇരുവരെയും റോഡിൽതന്നെ ഉപേക്ഷിച്ച് ആംബുലൻസ് തിരികെപ്പോവുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇതിലും മോശമായ അനുഭവങ്ങളാണ് കർണാടകയടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ ഉണ്ടാവാറുള്ളതെന്നാണ് ഫേസ്ബുക്കിലെ 'കൽപറ്റക്കാരുടെ ഗ്രൂപ്പി'ൽ പങ്കുവെച്ച പോസ്റ്റിനോട് നിരവധിപേർ പ്രതികരിക്കുന്നത്. സലീമിന്‍റെ പോസ്റ്റിന്‍റെ പ്രസക്ത ഭാഗം:
ഞാനും സുഹൃത്തും ഗുണ്ടൽപേട്ടയിൽ നിന്നും മടങ്ങും വഴിയാണ് കർണാടകയുടെ മിൽക്ക് ലോറിയും വയനാട്ടിലേക്ക് ഉള്ളിയും കയറ്റിവരുകയായിരുന്ന വാഹനവും അപകടത്തിൽപെട്ടത് കാണുന്നത്.
നാട്ടുകാരും യാത്രക്കാരും, മലയാളികളായ ഒരുപാട് ചരക്ക് വാഹന ഡ്രൈവർമാരും അവിടെ ഉണ്ടായിരുന്നു. ഇവരെല്ലാം ഇടപെട്ട് വാഹനത്തിനകത്തു നിന്നും യുവാക്കളെ പുറത്തെടുത്തിരുന്നു. അപ്പോഴേക്കും അവർ മരിച്ചിരുന്നു. ഞാൻ വന്ന് നോക്കുമ്പോൾ കണ്ടത് റോഡിൽ അവരെ കിടത്തിയതാണ്. മൃതദേഹം ആശുപത്രിയിലേക്ക് എന്താണ് മാറ്റാത്തത് എന്ന് അവിടെ ഉണ്ടായിരുന്ന ഒരാളോട് ചോദിച്ചു.
അതിന് കിട്ടിയ മറുപടി, ഹൈവേയിൽ അപകടം നടന്നാൽ ഉടൻ വരുന്ന ടോൾ പ്ലാസയിൽ നിർത്തിയിടുന്ന ആംബുലൻസ് ഇവിടെ വന്നിരുന്നു. പക്ഷേ, ഇവർ മരിച്ചു എന്നറിഞ്ഞപ്പോൾ അവർ തിരിച്ചുപോയി. മൃതദേഹം ആംബുലൻസിൽ അവർ കയറ്റില്ല. ഞാൻ അവിടെ ഉണ്ടായിരുന്ന പൊലീസുകാരനോട് കാര്യം അന്വേഷിച്ചു. അദ്ദേഹത്തോട് മൃതദേഹം ഉടൻ ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. അപ്പോഴേക്കും അപകടം നടന്ന് 20 മിനിറ്റ് ആയിരുന്നു. ആ സമയത്താണ് എനിക്ക് ഫോൺകാൾ വരുന്നത്. അപ്പോൾ പൊലീസുകാരൻ എന്നോട് ചോദിച്ചു അവരുടെ കുടുംബക്കാരാണോ വിളിക്കുന്നത് എന്ന്. ഞാൻ പറഞ്ഞു അല്ല, മീഡിയയിൽ നിന്നാണ് എന്ന്. ഇത് കേട്ടയുടൻ ആ പൊലീസുകാരൻ അവിടെ ഉണ്ടായിരുന്ന സി.ഐ, എസ്.ഐ എന്നിവരോട് സംസാരിക്കുന്നതാണ് കണ്ടത്. കുറച്ചു കഴിഞ്ഞപ്പോൾ ഒരു അംബാസഡർ കാർ വന്ന് മരിച്ച രണ്ടാളെയും അതിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്‍റെ പ്രിയ സുഹൃത്തുക്കളെ ഒരു മൃതദേഹം കയറ്റാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനാണ് ആംബുലൻസ്? അവിടെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിലൂടെ മനസ്സിലാവുന്നത്.
അവർ നമ്മുടെ നാട്ടിലെ ആംബുലൻസ് ഡ്രൈവർമാരെ കണ്ടുപഠിക്കട്ടെ. നമ്മുടെ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടുപഠിക്കട്ടെ. നമ്മുടെ ഭരണാധികാരികൾ ഇതിൽ ഇടപെടണം. ഇനി ഒരാൾക്കും ഈ അനുഭവം ഉണ്ടാകരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.