കല്പറ്റ: നഗരസഭയിലെ മാലിന്യപ്രശ്നത്തിന് പരിഹാരമായി ഹരിത ബയോപാര്‍ക്ക് ഉടനെ തുറക്കും. കേരളത്തിലെ ഏറ്റവും വലിയ മാലിന്യസംസ്കരണ പ്ലാന്റാണ് വെള്ളാരംകുന്നില്‍ ഒരുങ്ങുന്നത്. ഇതോടെ സമ്പൂര്‍ണ മാലിന്യ സംസ്കരണത്തില്‍ സംസ്ഥാനത്തെ മൂന്നാമത്തെ നഗരസഭയായും ജില്ലയിലെ ആദ്യത്തെതായും കല്പറ്റ മാറും.
15,000 ചതുരശ്ര അടി വലുപ്പമുള്ള മാലിന്യ സംസ്കരണ പ്ലാന്റ് സംസ്ഥാനത്തെ മറ്റൊരു മുനിസിപ്പാലിറ്റിയിലും ഇതുവരെ സ്ഥാപിച്ചിട്ടില്ല. 1.10 കോടി രൂപയാണ് ചെലവ് വരുന്നത്. സമ്പൂര്‍ണ ശുചിത്വ നഗരസഭയെന്ന ലക്ഷ്യത്തിനായി ശുചിത്വ മിഷനും നഗരസഭയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭയുടെ വെള്ളാരം കുന്നിലെ ഒമ്പത് ഏക്കര്‍ സ്ഥലത്താണ് ആധുനിക രീതിയിലുള്ള പ്ലാന്റ് സ്ഥാപിച്ചത്. കെട്ടിട നിർമാണത്തിനായി 88.75 ലക്ഷം രൂപയും യന്ത്രോപകരണങ്ങള്‍ക്കായി 20 ലക്ഷം രൂപയുമാണ് ചെലവഴിക്കുന്നത്. പാലക്കാട് ആസ്ഥാനമായ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്ററിനാണ് (ഐ.ആര്.ടി.സി) സാങ്കേതിക സഹായത്തോടൊപ്പം നിർമാണ ചുമതലയും. വെള്ളാരംകുന്നിലെ ഹരിത ബയോപാര്‍ക്കില്‍ മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററും (എം.സി.എഫ്), വിന്‍ഡ്രോ കമ്പോസ്റ്റിങ് യൂനിറ്റും സംയുക്തമായി പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
ഹരിത കര്‍മസേനയുടെ നേതൃത്വത്തിലാണ് വീടുകളില്‍നിന്നും മറ്റും മാലിന്യം ഇപ്പോള്‍ ശേഖരിക്കുന്നത്. സേനയിലെ അംഗങ്ങളുടെ എണ്ണക്കുറവ് കാരണം മാലിന്യശേഖരണം പരാതിക്കിടയാക്കാറുണ്ട്. ഒരു വാര്‍ഡില്‍ രണ്ടുപേര്‍ വീതം എന്ന കണക്കില്‍ സേനയുടെ അംഗസംഖ്യ ഉയര്‍ത്തും. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലുള്ള വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി ശക്തിപ്പെടുത്തും.
വീടുകളില്‍നിന്നും മറ്റും പരമാവധി വേഗത്തില്‍ പരാതിക്കിടയില്ലാതെ മാലിന്യം ശേഖരിച്ചെന്ന് ഉറപ്പാക്കേണ്ടത് വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള സാനിറ്റേഷന്‍ കമ്മിറ്റി ചുമതലയായിരിക്കും. ജനകീയ മാലിന്യസംസ്കരണ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. മാലിന്യം ശേഖരിച്ചെന്ന് ഉറപ്പാക്കാനായി പ്രത്യേക കാര്‍ഡ്, ബുക്ക് സംവിധാനം നടപ്പാക്കും. ഇവ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്യും. ഇതിനായി ഹരിത സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. വീടുകളില്‍നിന്ന് നേരിട്ട് ഖര-ജൈവ മാലിന്യങ്ങള്‍ ഹരിത സേനാംഗങ്ങള്‍ ശേഖരിക്കും. ഡോര്‍ ടു ഡോര്‍ മാലിന്യശേഖരണം ശക്തിപ്പെടുത്തും. ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന ചുമതല ഉറവിടങ്ങളില്‍ നിന്നുണ്ടാവുകയാണെങ്കില്‍ വേഗത്തിൽ ലക്ഷ്യത്തിലെത്താനാവുമെന്നാണ് പ്രതീക്ഷ.
ഹരിത ബയോപാര്‍ക്കിലുള്ള മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററും (എം.സി.എഫ്), വിന്‍ഡ്രോ കമ്പോസ്റ്റിങ് യൂനിറ്റും സംയുക്തമായി പ്രവര്‍ത്തിക്കുന്നതോടെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരമാവുമെന്നും സമ്പൂര്‍ണ ശുചിത്വ നഗരസഭയായി കല്പറ്റ മാറുമെന്നും ചെയര്മാന് കേയംതൊടി മുജീബ് പറഞ്ഞു.
ശേഖരിക്കുന്ന മാലിന്യങ്ങള്‍ വേര്‍തിരിച്ച് ആറടി നീളവും നാലടി വീതിയും നാലടി ഉയരവുമുള്ള പ്രത്യേകം തയാറാക്കിയ വിൻഡ്രോ കമ്പോസ്റ്റിങ് യൂനിറ്റുകളില്‍ നിക്ഷേപിക്കും. ഇനോകുലം (ആർടിഫിഷ്യല്‍ ബാക്ടീരിയ) തളിച്ച് വിന്‍ഡ്രോകളിലാക്കുന്ന മാലിന്യം 45 ദിവസത്തോടെ വളമായി മാറും. ഇത്തരം നൂതന സാങ്കേതിക വിദ്യയാണ് മാലിന്യസംസ്കരണത്തിനായി കല്പറ്റയില് നടപ്പാക്കുന്നത്.
വെര്‍മി കമ്പോസ്റ്റ് (മണ്ണിര), വിന്‍ഡ്രോ കമ്പോസ്റ്റ് തുടങ്ങിയവയിലൂടെയും വളം ഉൽപാദിപ്പിക്കാനാവും. യൂനിസെഫിന്റെ സാമ്പത്തിക സഹായത്തോടെ നിർമിച്ച സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയതോടെ സെപ്റ്റിക് ടാങ്ക് ശുചീകരണവും നഗരസഭയില്‍ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.