കൽപറ്റ: കൊളവയലിൽ ആറുവയസ്സുകാരനടക്കം നാലുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. നാലുപേരെയും കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളവയൽ സ്വദേശികളായ ആറുവയസ്സുകാരൻ ഡിയോൺ ജറീഷ്, ജിഷ്ണു രവീന്ദ്രൻ, വീട്ടമ്മമാരായ ജിസ്സി സതീശൻ, അമ്പിളി മനോജ് എന്നിവർക്കാണ് കടിയേറ്റത്. കാലിലും വയറിലുമെല്ലാം കടിയേറ്റ ജിസ്സിയുടെ പരിക്ക് ഗുരുതരമാണ്. ശനിയാഴ്ച രാവിലെ വീടുകളുടെ പരിസരത്തുനിന്നാണ് മൂന്നുപേരെ നായ ആക്രമിച്ചത്. ഒരാൾ റോഡിലൂടെ നടന്നുപോകുേമ്പാഴാണ് കടിയേറ്റത്. പ്രദേശത്ത് തൊഴിലുറപ്പ് ജോലിയിലേർപ്പെട്ടിരുന്ന തൊഴിലാളികൾ നായുടെ വരവുകണ്ട് ഓടിമാറിയതിനാലാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. വീട്ടുമുറ്റത്തുണ്ടായിരുന്ന ആടുകളുടെ കരച്ചിൽ കേട്ട് പുറത്തിറങ്ങിയപ്പോഴാണ് അമ്പിളി മനോജിന് കടിയേറ്റത്.
ഒരു ആടിനെയും നായ ആക്രമിച്ച് പരിക്കേൽപിച്ചു. ഇവരുടെ അയൽപക്കത്തെ വീട്ടുമുറ്റത്ത് കളിക്കവേയാണ് ഡിയോണിന് കടിയേൽക്കുന്നത്. കൈക്കും നെഞ്ചിലുമാണ് കടിയേറ്റത്. നിരവധി വളർത്തുമൃഗങ്ങൾക്കും നായുടെ കടിയേറ്റു. നായെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു. കടിയേറ്റ വളർത്തുമൃഗങ്ങൾക്ക് ഇന്നലെ വൈകീട്ട് മൃഗഡോക്ടറെത്തി കുത്തിെവപ്പ് നൽകി. മുട്ടിൽ പഞ്ചായത്തിലെ കൊളവയൽ, പരിയാരം പ്രദേശങ്ങളിൽ തെരുവ് നായ്ശല്യം രൂക്ഷമായിട്ടും പഞ്ചായത്തധികൃതർ നടപടിയെടുക്കാത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. നായശല്യത്തിനെതിരെ നടപടിയാവശ്യപ്പെട്ട് കഴിഞ്ഞ മാസം കൊളവയലിലെ നിരവധി പേർ ഒപ്പിട്ട നിവേദനം പഞ്ചായത്ത് അധികൃതർക്ക് നൽകിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. തെരുവ് നായ് ശല്യം വർധിച്ചതോടെ ഭീതിയോടെയാണ് നാട്ടുകാർ കഴിയുന്നത്.
കാട്ടുനായ്ക്കൾ 13 ആടുകളെ കടിച്ചുകൊന്നു
മേപ്പാടി: ഗ്രാമപഞ്ചായത്ത് 12ാം വാർഡ് നീലിക്കാപ്പ് പ്രദേശത്ത് കൂട്ടമായെത്തി 13 ആടുകളെ കടിച്ചുകൊന്ന കാട്ടുനായ്ക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിനുള്ള വനപാലകരുടെ നീക്കം വിജയിച്ചില്ല. നായ്ക്കൂട്ടം പ്രദേശത്തുനിന്ന് പിന്തിരിയാൻ കൂട്ടാക്കുന്നില്ല. വെള്ളിയാഴ്ച രാത്രിയിലാണ് മേയാൻ വിട്ട നീലിക്കാപ്പ് താഴത്തെ കളത്തിൽ ജാഫർ അലിയുടെ 13 ആടുകളെ നായ്ക്കൂട്ടം ആക്രമിച്ച് കൊന്നത്. പ്രദേശത്തുള്ളവരുടെ പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ വനപാലകർ പടക്കം പൊട്ടിച്ചും മറ്റും നായ്ക്കളെ തുരത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. ആട്, പശു എന്നിവയെ വളർത്തുന്ന പ്രദേശത്തെ മറ്റു കുടുംബങ്ങളും ഇതുമൂലം ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.