കൽപറ്റ: കൽപറ്റ നഗരപരിധിയിലുള്ള മുണ്ടേരി, മണിയങ്കോട്, പുളിയാർമല എന്നിവിടങ്ങളിലേക്ക് ബസ് സർവിസ് ആരംഭിക്കണമെന്ന ആവശ്യം റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി അധ്യക്ഷൻ എന്ന നിലയിൽ കലക്ടർ പരിശോധിച്ച് തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ജനങ്ങൾക്ക് മതിയായ യാത്ര സൗകര്യം ലഭിക്കേണ്ടത് അവരുടെ അവകാശമാണെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പറഞ്ഞു. വയനാട് ആർ.ടി.ഒയിൽ നിന്നും കമീഷൻ റിപ്പോർട്ട് വാങ്ങി. കൽപറ്റ യൂനിറ്റിൽ നിന്നും രാവിലെയും വൈകീട്ടും നാലു ട്രിപ്പുകൾ മുണ്ടേരി വഴി കോട്ടത്തറയിലേക്ക് നടത്തുന്നുണ്ടെന്നും മെച്ചപ്പെട്ട വരുമാനം ഇതിൽ നിന്നും ലഭിക്കുന്നില്ലെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.
വാഹനസൗകര്യം കുറഞ്ഞ സ്ഥലങ്ങളിലേക്ക് ഗ്രാമവണ്ടി സർവിസുണ്ടെന്നും ഇതിന്റെ ഇന്ധനചെലവ് ബന്ധപ്പെട്ട തദ്ദേശസ്ഥാപനം വഹിക്കണമെന്നും ജില്ല ട്രാൻസ്പോർട്ട് ഓഫിസർ പറഞ്ഞു. തുടർന്ന് കൽപറ്റ നഗരസഭ സെക്രട്ടറിയെ കമീഷൻ വിളിച്ചുവരുത്തി. ഗ്രാമവണ്ടിയുടെ ചെലവ് വഹിക്കാൻ നഗരസഭക്ക് സാധിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു. നടത്തിപ്പ് ചെലവുപോലും ലഭിക്കാത്ത ട്രിപ്പുകൾ പുനരാരംഭിക്കണമെന്ന് കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെടാനാകില്ലെന്ന് കമീഷൻ പറഞ്ഞു. തുടർന്നാണ് പരാതി പരിഹരിക്കാൻ കലക്ടർക്ക് നിർദേശം നൽകിയത്. മുണ്ടേരി കാളിയംപറമ്പിൽ കെ.പി. സുകുമാരൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.