കൽപറ്റ: മലബാർ, ആറളം വന്യജീവി സങ്കേതങ്ങൾക്കുചുറ്റും പരിസ്ഥിതി ലോല മേഖല പ്രഖ്യാപനത്തിനെതിരെ മലയോര മേഖല പ്രക്ഷുബ്ധം. കരട് വിജ്ഞാപനം മലയാളത്തിലിറക്കണമെന്നും എതിർപ്പ് അറിയിക്കാൻ 60 ദിവസം നൽകണമെന്നും കേന്ദ്ര സർക്കാറിനോട് ഹൈക്കോടതി കഴിഞ്ഞദിവസംനിർദേശിച്ചത് ആശ്വാസകരമാണെങ്കിലും കർഷകരുടെ ആശങ്കയൊഴിയുന്നില്ല.
കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിെൻറ കരട് വിജ്ഞാപനത്തിനെതിരെ കർഷകർ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സമരം തുടങ്ങി. കർഷകരുടെ ആശങ്കയിൽ മൗനംപാലിക്കുന്ന സംസ്ഥാന സർക്കാറിനെതിരെയും പ്രതിഷേധം ഉയർന്നു. ക്രൈസ്തവ സഭകൾ കർഷക സമരങ്ങൾക്ക് പൂർണപിന്തുണ പ്രഖ്യാപിച്ചു. മെത്രാന്മാരും പുരോഹിതരും സമരമുഖങ്ങളിലുണ്ട്.
മലബാർ വന്യജീവി സങ്കേതത്തിനു ചുറ്റും 53.60 ചതുരശ്ര കിലോമീറ്ററും ആറളത്തിെൻറ പേരിൽ 12.91 ചതുരശ്ര കിലോമീറ്ററും പരിസ്ഥിതി ലോല മേഖലയാക്കാനാണ് നിർദേശം. കാർഷിക മേഖലയിലെ പ്രതിസന്ധിയും വന്യമൃഗ ശല്യവുംമൂലം പൊറുതിമുട്ടി സമരരംഗത്തുള്ള കർഷകർക്ക് ഇരുട്ടടിയാണ് ജനവാസകേന്ദ്രങ്ങളിൽ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ. മലയോര മേഖലയിൽ പഴം, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ തുടങ്ങിയ കൃഷി വൻഭീഷണിയിലാണ്.
ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം വരുത്തുന്ന ആന, പന്നി, കുരങ്ങ് തുടങ്ങിയവയെ നിയന്ത്രിക്കാൻ വനംവകുപ്പിന് കഴിയുന്നില്ല. വന്യജീവി -മനുഷ്യ ഏറ്റുമുട്ടൽ പതിവായിട്ടും സർക്കാറിെൻറ ഭാഗത്തുനിന്ന് ഇടപെടൽ ഇല്ലെന്ന പരാതിയിലാണ് കർഷകർ. ആദിവാസികളടക്കം വന്യജീവി ശല്യത്തിെൻറ കെടുതികൾ നേരിടുന്നു. കടുവയും ആനയും ജീവൻ അപഹരിക്കുന്ന സംഭവങ്ങൾ കൂടിവരുകയാണ്.
ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് മലയോര മേഖലയിൽ സമരങ്ങൾ രൂപപ്പെടുന്നത്. ദേശീയ പാതയിൽ വന്യജീവികളുടെ പേരിൽ ഏർപ്പെടുത്തിയ രാത്രി യാത്ര നിരോധനം അടക്കം മലയോര ജനതയിൽ വൻ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്.
നിർമാണം, കൃഷി,റോഡ്, പാലം, വാഹനങ്ങൾ, വ്യവസായം തുടങ്ങിയവക്ക് നിയന്ത്രണം വരുന്നതും അനുമതി തേടി ജനങ്ങൾ ഉദ്യോഗസ്ഥർക്കു മുന്നിൽ നിൽക്കേണ്ടിവരുമെന്ന ആശങ്കയുമാണ് മലയോരത്തെ സമരഭരിതമാക്കുന്നത്. അതിനിടെ മാനന്തവാടി, സുൽത്താൻ ബത്തേരി രൂപതകളും സമരം വ്യാപിപ്പിച്ച കാർഷിക പുരോഗമന സമിതിയും ചേർന്ന് വ്യാഴാഴ്ച വയനാട് സംരക്ഷണ സമിതിക്ക് രൂപം നൽകി.
കോഴിക്കോട് ജില്ലയിലെ സമരങ്ങൾ താമരശ്ശേരി രൂപത ശക്തമാക്കിയിട്ടുണ്ട്. രണ്ടുമാസത്തിനകം വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പതിനായിരത്തിലേറെ പേർ കർഷക സമരങ്ങളിൽ പങ്കാളിയായതായി കാർഷിക പുരോഗമന സമിതി ചെയർമാൻ പി.എം. ജോയി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.