കൽപറ്റ: ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലയിലെ ആദ്യ കാലാവസ്ഥ ഉച്ചകോടിക്ക് ഫെബ്രുവരി 23ന് മീനങ്ങാടിയില്‍ തുടക്കമാകും. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ഉച്ചകോടിയില്‍ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് ജില്ലയിലെ കാര്‍ഷിക മേഖലയില്‍ വന്ന മാറ്റങ്ങളും അതിന്റെ അതിജീവനവും ചര്‍ച്ചയാകും.
കാലാവസ്ഥ ഉച്ചകോടിയുമായി ബന്ധപ്പെട്ട് സംഘാടകസമിതി യോഗം മീനങ്ങാടി കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷതവഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ല പഞ്ചായത്ത് സെക്രട്ടറി കണ്‍വീനറുമായി സംഘാടക സമിതിയും എട്ട് സബ് കമ്മിറ്റികളും രൂപവത്കരിക്കുകയും ചെയ്തു.
രാജ്യത്ത് ആദ്യമായി ഒരു ജില്ലയുടെ കാര്‍ബണ്‍ ന്യൂട്രല്‍ എമിഷന്റെ അളവ് കണ്ടെത്തി തയാറാക്കിയ വയനാട് കാര്‍ബണ്‍ നോട്ട് റിപ്പോര്‍ട്ടിന്റെ പ്രകാശനവും ചര്‍ച്ചയും കാര്‍ഷികേ മേഖല, കാലാവസ്ഥ വ്യതിയാനം എന്നിവ സംബന്ധിച്ച് വിദഗ്ധര്‍ നടത്തുന്ന സെമിനാറുകളും സ്റ്റുഡന്‍സ് കോണ്‍ഫറന്‍സും കലാകാരന്മാരുടെ തനത് കലാരൂപങ്ങളുടെ പ്രദര്‍ശനവും മേളയുടെ ഭാഗമായി നടക്കും.
കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായി ജില്ലയിലെയും കേരളത്തിലെയും പുറത്തുമുള്ള കര്‍ഷകരുടെയും കാര്‍ഷിക ഉല്പന്നങ്ങളുടെ പ്രദര്‍ശനവും കര്‍ഷകര്‍ക്ക് ആവശ്യമായ വിത്തുകളും തൈകളുടെ വിൽപനയും സംഘടിപ്പിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കാര്‍ഷിക മേഖലയിലെ കൂട്ടായ്മകള്‍, രാഷ്ട്രീയ പ്രതിനിധികള്‍, കര്‍ഷക സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് മേള നടക്കുന്നത്. മേള ഫെബ്രുവരി 25ന് സമാപിക്കും.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായെ കെ. ഇ. വിനയന്, ഇ.കെ. രേണുക, മിനി പ്രകാശന്, ഷീല പുഞ്ചവയല്‍, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമ്മാരായ ഉഷാ തമ്പി, സീതാ വിജയന്, മെംബര്‍മാരായ സുരേഷ് താളൂര്‍, ബീന ജോസ്, സിന്ധു ശ്രീധരന്, ബിന്ദു പ്രകാശ്, അമല്‍ ജോയ്, ബി.എം.സി കണ്‍വീനര്‍ ടി.കെ. ജോസ്, പത്മശ്രീ പുരസ്കാര ജേതാവ് ചെറുവയല്‍ രാമന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.