കൽപറ്റ: ജില്ലയിൽ പ്രതിദിനം കോവിഡ് രോഗികൾ കുത്തനെ കൂടിയപ്പോഴും പരിശോധനകൾ വർധിക്കുന്നില്ല. കോവിഡ് പരിശോധനയോട് ജനം മുഖംതിരിക്കുന്നതിനുപുറമെ ആരോഗ്യ വകുപ്പിെൻറ സംവിധാനങ്ങൾക്ക് ആവേശം കുറഞ്ഞതും പരിശോധനകൾ കുറയാൻ കാരണമാവുന്നു. ജില്ലയിൽ ദിവസം ആയിരം പരിശോധനകൾപോലും നടക്കുന്നില്ല.
ജനുവരി ഒന്നിന് 65 ആയിരുന്നു ജില്ലയിൽ പ്രതിദിന രോഗികളുടെ എണ്ണം. രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ) കേവലം 3.84. 705 പേരായിരുന്നു ചികിത്സയിലുണ്ടായിരുന്ന ആകെ രോഗികൾ. എന്നാൽ, രണ്ടാഴ്ച പിന്നിട്ടപ്പോൾ പ്രതിദിന രോഗികളുടെ എണ്ണം 200 കടന്നു. സജീവ രോഗികളുടെ എണ്ണം 1821 ആയി. രോഗസ്ഥിരീകരണ നിരക്ക് 20ഉം കടന്ന് കുതിക്കുകയാണ്.
ഈ മാസം മൂന്നിന് 621 പേരെ പരിശോധിച്ചപ്പോൾ ടി.പി.ആർ 5.06 ശതമാനം മാത്രമായിരുന്നു. എന്നാൽ, രോഗവ്യാപനം വർധിക്കുമ്പോഴും പരിശോധന താരതമ്യേന കുറവാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ടി.പി.ആർ 15 കടന്ന ശനിയാഴ്ച 926 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഞായറാഴ്ച ടി.പി.ആർ 18.47 ആയപ്പോൾ 908 സാമ്പിളുകളാണ് ജില്ലയിൽനിന്ന് പരിശോധനക്കയച്ചത്. ടി.പി.ആർ 20 കടന്ന തിങ്കളാഴ്ച ആരോഗ്യ വകുപ്പ് നൽകിയ പത്രക്കുറിപ്പ് പ്രകാരം പരിശോധിച്ച രോഗികളുടെ എണ്ണം 316 മാത്രമാണ്.
ആന്റിജൻ പരിശോധന ഒഴിവാക്കി ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയതോടെ സ്വാഭാവികമായും പരിശോധനകൾ കുറഞ്ഞു. വീട്ടിലെ ഒരാൾക്ക് രോഗം ബാധിച്ചാൽ മറ്റുള്ളവർ കോവിഡിനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന അവസ്ഥയാണുള്ളത്.
ലക്ഷണങ്ങളുള്ളവർ പൊതുസമൂഹത്തിൽ ഇറങ്ങിനടക്കുന്നതും പതിവാണ്. വാർഡ് തലത്തിലുള്ള ആർ.ആർ.ടി അടക്കമുള്ള സംവിധാനങ്ങളും നിലച്ച മട്ടാണ്. ഹെൽത്ത് സെന്ററുകൾ മുതൽ ജില്ല ആശുപത്രികൾ വരെയുള്ള ഇടങ്ങളിൽ പരിശോധനക്ക് പഴയ ഉഷാറില്ല. കർണാടകയിൽ കൃഷി ആവശ്യങ്ങൾക്കും മറ്റും പോകുന്നവരാണ് പരിശോധന നടത്തുന്നതിൽ വലിയൊരു ഭാഗം.
ഒരാഴ്ച മുമ്പുവരെ പനിയും ലക്ഷണങ്ങളുമായി ആരോഗ്യ കേന്ദ്രങ്ങളെ സമീപിച്ചാൽപോലും കോവിഡ് ടെസ്റ്റ് നടത്തുന്നതിൽ അധികൃതരും വലിയ താൽപര്യമൊന്നും കാട്ടിയിരുന്നില്ലെന്നും രോഗികൾ കുറ്റപ്പെടുത്തിയിരുന്നു. രോഗമുള്ളവര്‍ മറച്ചുവെക്കാതെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തണമെന്ന് നിർദേശിച്ച് ജില്ല മെഡിക്കൽ ഓഫിസർ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.