കൽപറ്റ: കോവിഡ് പരിശോധന വേഗത്തിലാക്കാന്‍ ജില്ല പഞ്ചായത്തിന്റെ കൈത്താങ്ങ്. ജില്ല ഭരണകൂടത്തിന് ആര്.ടി.പി.സി.ആര്, ആര്.എന്‍.എ എക്സ്ട്രാക്ടര്‍ മെഷീനുകൾ വാങ്ങിനൽകി ജില്ല പഞ്ചായത്ത്.
കലക്ടറേറ്റ് പരിസരത്ത് നടന്ന ലളിതമായ ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷംസാദ് മരക്കാര്‍ കലക്ടര്‍ ഡോ. അദീല അബ്ദുല്ലക്ക് മെഷീന് കൈമാറി. 62 ലക്ഷം രൂപ ചെലവിലാണ് നൂതനപരിശോധന മെഷീനും അനുബന്ധ ഉപകരണങ്ങളും ജില്ലക്കായി സജ്ജമാക്കിയത്.
കോവിഡ് രോഗികളുടെ എണ്ണത്തിനനുസരിച്ച് പരിശോധനാ സൗകര്യങ്ങള്‍ ജില്ലയില്‍ വിപുലപ്പെടുത്തുക എന്നതാണ് ലക്ഷ്യം. പുതിയ മെഷീന് എത്തിയതോടെ പരിശോധനാഫലങ്ങള്‍ വേഗത്തിൽ ലഭ്യമാകും. ദിനംപ്രതി ആയിരത്തോളം സാമ്പിള്‍ ഈ മെഷീന്‍വഴി പരിശോധിക്കാന്‍ കഴിയും. സാമ്പിള്‍ പരിശോധന വേഗത്തിലാകുന്നതോടെ രോഗവ്യാപനത്തിന് തടയിടാനാകും. ദുരന്തനിവാരണ സമിതി ഏറ്റെടുത്ത മെഷീന് പൂക്കോട് വെറ്ററിനറി കോളജ് ലാബില്‍ ആദ്യഘട്ടത്തില്‍ സജ്ജീകരിക്കും. പിന്നീട് മൃഗസംരക്ഷണ വകുപ്പിന് കൈമാറും. കോവിഡ് പരിശോധനക്ക് പുറമെ പക്ഷിപ്പനി, കുരങ്ങുപനി പോലുള്ള രോഗനിര്‍ണയങ്ങള്‍ക്കും മെഷീന് പ്രയോജനപ്പെടുത്താം.
ജില്ലയിലെ കോവിഡ് പരിശോധന സംവിധാനത്തിന് പുതിയ മെഷീന് കൂടുതല്‍ മുതല്‍ക്കൂട്ടാവുമെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. ബിന്ദു, ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എം. മുഹമ്മദ് ബഷീര്‍, ഡെപ്യൂട്ടി കലക്ടര്‍ വി. അബൂബക്കര്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.പി. സുനില്‍കുമാര്‍, ഡോ. കെ. മുഹമ്മദ്കുട്ടി, ജില്ല പഞ്ചായത്ത് സെക്രട്ടറി പി.എം. ഷൈജു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.