കൽപറ്റ: പ്രാർഥനകൾ വിഫലമായി നാലാംനാൾ പുഴയിൽനിന്ന് അഞ്ചുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത് നാടിന്റെ തീരാ നൊമ്പരമായി. കുട്ടി വീണ സ്ഥലത്തുനിന്ന് രണ്ടു കിലോ മീറ്റർ ദൂരത്തിലാണ് ഞായറാഴ്ച രാവിലെ മൃതദേഹം പൊന്തിയനിലയിൽ ജീവൻ രക്ഷാസമിതി അംഗങ്ങൾ കണ്ടെത്തുന്നത്.
അമ്മയെടുത്ത് വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നും പുഴയിൽ ചാടിയ ഓംപ്രകാശിന്റെ മകൾ ദക്ഷക്കായി വ്യാഴാഴ്ച ഉച്ച മുതൽ തിരച്ചിൽ തുടങ്ങിയതാണ്.
ആദ്യ മണിക്കൂറിൽ തന്നെ കുട്ടിയെ കണ്ടെത്താൻ കഴിയാതെയായതോടെ ജീവനോടെ കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചിരുന്നു. എങ്കിലും ജീവനോടെ കണ്ടെത്തണമെന്ന പ്രാർഥനയിലായിരുന്നു ഗ്രാമം. ശനിയാഴ്ച പുഴയിൽ എട്ടു കിലോ മീറ്റർ ദൂരം വരെ കുട്ടിക്കായി രക്ഷാസംഘം തിരച്ചിൽ നടത്തിയിരുന്നു.
മൂന്നുദിവസം രാത്രി വരെ തിരച്ചിൽ നടത്തിയിരുന്നു. ഇരുട്ടായതോടെ തിരച്ചിൽ നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുകളായതോടെ നിർത്തിവെക്കുകയായിരുന്നു. ദേശീയ ദുരന്ത നിവാരണസേന, കമ്പളക്കാട് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.എസ്. അജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, വെണ്ണിയോട് ഡിഫന്‍സ് ടീം, പള്‍സ് എമര്‍ജന്‍സി ടീം, പനമരം സി.എച്ച് റെസ്ക്യൂ ടീം, തുര്‍ക്കി ജീവന്‍രക്ഷാസമിതി, കൽപറ്റ, മാനന്തവാടി അഗ്നിരക്ഷാസേന എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.