കെ.എസ്.ഇ.ബി കരാർ ജീവനക്കാര​െൻറ മരണം; വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ശ്രമമെന്ന്

കല്‍പറ്റ: അമ്പലവയലില്‍ കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരനായ സുരേഷ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാതെ അന്വേഷണം അട്ടിമറിച്ചതായി ആക്ഷേപം.

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റി​െൻറ അന്വേഷണ റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്ക് വീഴ്​ച പറ്റിയതായി ചൂണ്ടിക്കാട്ടിയിരുന്നു.

വൈദ്യുതി ബോര്‍ഡ് നിഷ്‌കര്‍ഷിക്കുന്ന സുരക്ഷ പാലിക്കാതെ നിരുത്തവാദപരമായി ജോലി ചെയ്യിപ്പിച്ചത് കൊണ്ടാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്. മേല്‍നോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിലേക്ക് നയിച്ച പ്രധാന കാരണം.

വര്‍ക്ക്‌സൈറ്റില്‍ പാലിക്കേണ്ട ഒരുവിധ സുരക്ഷ മുന്‍കരുതലുകളും പാലിക്കാതെ ഈ പ്രവൃത്തി മേല്‍നോട്ടം നടത്താന്‍ ആളില്ലാതെ കരാറുകാരെ കൊണ്ട് ജോലി ചെയ്യിപ്പിച്ചതാണ് മരണത്തിനിടയാക്കിയത്. ജോലി ചെയ്യുന്ന ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചുവെന്ന് ഉറപ്പുവരുത്തുന്നതില്‍ ഗുരുതര വീഴ്ചയാണുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ഭരണകക്ഷി ഓഫിസര്‍ സംഘടന ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കുകയാണെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജില്ല പ്രസിഡൻറ് എന്‍.ഡി. അപ്പച്ചന്‍ പറഞ്ഞു.

ഇതി​െൻറ ഭാഗമായി പക്ഷപാതപരമായി റിപ്പോര്‍ട്ടുകള്‍ തയാറാക്കി കുറ്റവാളികളെ സംരക്ഷിക്കാനാണ് നീക്കം നടക്കുന്നത്. അപകടം ഉണ്ടാകാനിടയാക്കിയ ജീവനക്കാരെ അതേ ഓഫിസില്‍ തന്നെ നിലനിര്‍ത്തി സാക്ഷിമൊഴികള്‍ തങ്ങള്‍ക്കനുകൂലമാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ സഹായം ചെയ്തു കൊടുക്കുന്നതായും ആരോപണമുണ്ട്.

സുരക്ഷിതമായി ജോലി ചെയ്യുന്നതിനും അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനുംവേണ്ടി കോടിക്കണക്കിന് രൂപയാണ് വൈദ്യുതി ബോര്‍ഡ് ചെലവഴിച്ചിട്ടുള്ളത്.

പക്ഷപാതപരമായും രാഷ്​ട്രീയ വിധേയത്വത്തോടെയും അന്വേഷണ റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും തെറ്റായ നിര്‍ദേശങ്ങള്‍ നല്‍കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും നിഷ്​പക്ഷ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും കുറ്റവാളികള്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്നും അപ്പച്ചൻ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.