കൽപറ്റ: കുടകിൽ പോയി ദുരൂഹ സാഹചര്യത്തിൽ മരിച്ച കോലു, പാർവതി, ബാലൻ, കാണാതായ വാസു എന്നിവരെക്കുറിച്ച് ബന്ധുക്കൾക്ക് പറയാനുള്ളത് ദയനീയ കഥകൾ മാത്രം.
ആദിവാസി ക്ഷേമസമിതി സംഘടിപ്പിച്ച കുടകിലെ ദുരൂഹ മരണത്തെ സംബന്ധിച്ച് കുടുംബാംഗങ്ങളുടെ കൂട്ടായ്മയിലാണ്, കുടകിൽ പോയി ജീവിതം ഇല്ലാതായവരുടെയും കാണാമറയത്ത് പോയവരുടെയും വേദനിക്കുന്ന കഥകൾ കുടുംബാംഗങ്ങൾ തുറന്ന പറഞ്ഞത്.
കുടകിൽ 14 വർഷം മുമ്പ് പോയി കാണാതായതാണ് കല്ലൂർ കോളൂർ കോളനിയിലെ വാസുവിനെ. വെളുത്ത - പാറ്റ ദമ്പതികളുടെ ഏക മകനാണ്. ഒരു ദിവസം വാസുവിനെ പണിക്ക് കൊണ്ടുപോയവർ വിളിച്ചു പറഞ്ഞു, പത്തു ദിവസം കഴിഞ്ഞാൽ വാസു തിരിച്ചുവരുമെന്ന്.
എന്നാൽ, ഒരാഴ്ച കഴിഞ്ഞ് ഇവർ കോളനിയിലെത്തി അവനെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു. കുടകിലടക്കം പോവുകയും പൊലീസ്, കോടതി ഉൾപ്പെടെ നിരവധി പരാതികൾ നൽകിയിട്ടും ഒരു പ്രയോജനവുമുണ്ടായില്ല. മകന് എന്ത് സംഭവിച്ചെന്ന ആശങ്കയിലാണ് വയോധികരായ മാതാപിതാക്കൾ.
ഒരു വർഷം മുമ്പാണ് വടക്കനാട് പണയമ്പം കോളനിയിലെ പാർവതി ഭർത്താവ് കുമാരനും ഇളയമകൾ മനീഷക്കുമൊപ്പം കുടകിൽ പണിക്ക് പോയത്. കുറച്ച് ദിവസം കഴിഞ്ഞ് വിഷം കഴിച്ചു മരിച്ചെന്നു പറഞ്ഞ് പാർവതിയുടെ മൃതദേഹം കോളനിയിലെത്തിക്കുകയായിരുന്നുവെന്ന് മകൾ മഞ്ജുഷ പറഞ്ഞു. എങ്ങനെ മരിച്ചെന്ന് അനിയത്തിക്കും അച്ഛനും അറിയില്ലെന്നാണ് മഞ്ജുഷ പറയുന്നത്.
2015ലാണ് കുടകിൽ പണിക്കു പോയി മരിച്ച നിലയിൽ മൂന്നാനക്കുഴി യൂക്കാലികവല കോളനിയിലെ ബാലന്റെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നതെന്ന് ഭാര്യ രാധ പറഞ്ഞു. സ്കൂളിൽ പോകുന്ന നാല് മക്കളെ അനാഥമാക്കി പോയ ബാലന്റെ മരണത്തിന് പിന്നിൽ എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും രാധ പറഞ്ഞു.
കല്ലുമുക്ക് കോളനിയിലെ കോലുവിനെ 2005ലാണ് മരിച്ച നിലയിൽ ചാക്കിൽ പൊതിഞ്ഞ് കോളനിയിലെത്തിച്ചതെന്ന് സഹോദരൻ ഗണപതി പറഞ്ഞു.
പോസ്റ്റുമോർട്ടം പോലും നടത്താതെയാണ് മൃതദേഹം കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.