കൽപറ്റ: സമ്പുഷ്ടീകരിച്ച അരി ഉള്‍പ്പെടെയുളള ഭക്ഷണ പദാർഥങ്ങള്‍ അനീമിയയും മൈക്രോ ന്യൂട്രിയന്റുകളുടെ കുറവും പരിഹരിക്കുന്നതിന് സഹായകരമാകുമെന്ന് പൊതുവിതരണ വകുപ്പ് സെമിനാര്‍ വിലയിരുത്തി. ജില്ലയില്‍ സമ്പുഷ്ടീകരിച്ച അരി വിതരണം സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനായുള്ള സെമിനാറില്‍ ഭക്ഷ്യാരോഗ്യ രംഗത്തെ വിദഗ്ധര്‍ വിഷയാവതരണവും ചര്‍ച്ചയും നടത്തി.
ഭക്ഷ്യപദാർഥങ്ങളിലെ വൈറ്റമിനുകളുടെയും ധാതുക്കളുടെയും അളവ് സാങ്കേതികവിദ്യയിലൂടെ വർധിപ്പിക്കുന്നതാണ് ഭക്ഷ്യ സമ്പുഷ്ടീകരണം. 100 കിലോ സാധാരണ ധാന്യത്തിലേക്ക് ഒരു കിലോ ഫോര്‍ട്ടിഫൈഡ് ചെയ്ത അരി കലര്‍ത്തിയാണ് സമ്പുഷ്ടീകരണം നടത്തുന്നത്.
ഭക്ഷണത്തിലെ പോഷക അളവ് ഉയര്‍ത്തി പൊതുജനാരോഗ്യം ശാക്തീകരിക്കുകയാണ് സമ്പുഷ്ടീകരിച്ച അരി വിതരണത്തിലൂടെ ലക്ഷ്യമിടുന്നത്. മതിയായ അളവില്‍ സൂക്ഷ്മ മൂലകങ്ങള്‍ ലഭ്യമാകാത്തത് പൊതുജനാരോഗ്യത്തിന് പ്രധാന വെല്ലുവിളിയാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. അസുമ പറഞ്ഞു.
നല്ലൊരു ശതമാനം സ്ത്രീകളും കൗമരക്കാരും വിളര്‍ച്ച പോലുള്ള പോഷകാഹാര ക്കുറവുകൊണ്ടുള്ള വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുണ്ട്. അയണ്‍, ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി 12 തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകള്‍ അരിയില്‍ ചേര്‍ക്കുന്നത് പോഷകക്കുറവ് പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ രീതിയാണെന്ന് അവർ പറഞ്ഞു.
സിക്കിള്‍സെല്‍ അനീമിയ, തലാസീമിയ രോഗികള്‍ക്ക് സമ്പുഷ്ടീകരിച്ച അരി ഉപയോഗിക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് കുട്ടികളുടെ വിഭാഗം മേധാവി ഡോ. അജിത്കുമാര്‍ പറഞ്ഞു.
ഇത്തരം ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം പൂർണമായും ഒഴിവാക്കേണ്ട വിഭാഗത്തിലുളള രോഗികള്‍ ജില്ലയില്‍ വളരെ കുറവാണ്. 30 ദിവസത്തില്‍ താഴെ ദിവസങ്ങളില്‍ രക്തമാറ്റത്തിന് വിധേയരാകുന്നവര്‍ സമ്പുഷ്ടീകരിച്ച അരി ഉപയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാം.
സിക്കിള്‍സെല്‍ അനീമിയ, തലാസീമിയ രോഗികള്‍ക്ക് സമ്പുഷ്ടീകരിച്ച അരിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിച്ചതിന് ശേഷം മാത്രമേ അരി വിതരണം ചെയ്യുകയുളളൂവെന്ന് സെമിനാറില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണര്‍ ഡോ. ഡി. സതീഷ് ബാബു പറഞ്ഞു.
ആശങ്ക പരിഹരിക്കുന്നതുവരെ ഇവര്‍ക്കായി സാധാരണ അരി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. 2021 ഒക്‌ടോബര്‍ മുതല്‍ വിദ്യാലങ്ങളിലും അംഗൻവാടികളിലും സമ്പുഷ്ടീകരിച്ച അരിയാണ് വിതരണം ചെയ്യുന്നത്. 2024ഓടെ സംസ്ഥാനത്ത് മുഴുവന്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ വഴിയും സമ്പുഷ്ടീകരിച്ച അരി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കല്‍പറ്റ ഓഷ്യന്‍ ഹാളില്‍ തിരഞ്ഞെടുത്ത പ്രതിനിധികള്‍ക്കായി നടന്ന ശില്‍പശാല പൊതുവിതരണ ഉപഭോക്തൃകാര്യ സെക്രട്ടറി അലി അസ്ഗര്‍ പാഷ ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍.ഐ. ഷാജു, സംസ്ഥാന ഭക്ഷ്യ കമീഷന്‍ അംഗം എം. വിജയലക്ഷ്മി, ജില്ല സപ്ലൈ ഓഫിസര്‍ പി.എ. സജീവ്, സീനിയര്‍ സൂപ്രണ്ട് പി.ടി. ജെയിംസ് എന്നിവര്‍ സംസാരിച്ചു.
ടെക്നിക്കല്‍ പ്രസന്റേഷനില്‍ ഡി.എഫ്.പി.ഡി ഡെപ്യൂട്ടി സെക്രട്ടറി എല്‍.പി. ശർമ, യു.എന്‍.ഡബ്ല്യു.എഫ്.പി ന്യൂട്രീഷ്യന്‍ ഹെഡ് ഷാരിഖ് യൂനസ്, ഡോ. നിഷ, ഡോ. ശ്രീലാല്‍ എന്നിവര്‍ പാനല്‍ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.