കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കു വേണ്ടി മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ കൂടുതൽ വ്യാപക തിരച്ചിൽ നടത്തുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇത്തരത്തിൽ അഞ്ചിടങ്ങളിലായി വിശദമായ തിരച്ചിൽ നടത്തും. മുണ്ടേരി ഫാം മുതൽ പരപ്പാൻപാറ വരെയുള്ള അഞ്ച് കി.മീറ്റർ ദൈർഘ്യത്തിലായിരിക്കും ഒരു സംഘം തിരച്ചിൽ നടത്തുക. രാവിലെ ഏഴിന് മുണ്ടേരി ഫാം മേഖലയിൽ തുടങ്ങുന്ന തിരച്ചിൽ ഉച്ചക്ക് രണ്ടിന് പരപ്പൻപാറയിൽ അവസാനിക്കും. എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷ സേന, സിവിൽ ഡിഫൻസ് സേന, പൊലീസ്, വനംവകുപ്പ് എന്നീ സേനകൾ അടങ്ങുന്ന 60 അംഗ സംഘമായിരിക്കും ഇവിടെ തിരച്ചിൽ നടത്തുക. വൈദഗ്ധ്യം ആവശ്യമായതിനാൽ ചാലിയാർ പുഴയുടെ ഈ ഭാഗത്തെ തിരച്ചിലിന് സന്നദ്ധപ്രവർത്തകരെ അനുവദിക്കില്ല.
വനമേഖലയായ പാണൻകായത്തിൽ 10 സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ 50 അംഗ സംഘമായിരിക്കും തിരച്ചിൽ നടത്തുക. പാണൻകായ മുതൽ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതൽ ചാലിയാർ മുക്കുവരെയും 20 സന്നദ്ധപ്രവർത്തരും 10 പൊലീസുകാരും അടങ്ങുന്ന 30 അംഗ സംഘങ്ങൾ തിരച്ചിൽ നടത്തും. ഇരുട്ടുകുത്തി മുതൽ കുമ്പളപ്പാറ വരെ സന്നദ്ധപ്രവർത്തകർ ഉൾപ്പെടുന്ന 40 അംഗ സംഘവും തിരച്ചിൽ നടത്തും.
ഞായറാഴ്ച മുണ്ടക്കൈയിൽ നടന്ന ജനകീയ തെരച്ചിലിൽ സന്നദ്ധപ്രവർത്തകരും പ്രദേശവാസികളും ക്യാമ്പിൽ കഴിയുന്നവരും ജനപ്രതിനിധികളും അടക്കം രണ്ടായിരം പേർ പങ്കെടുത്തു. തിങ്കളാഴ്ച പതിവുപോലെ മുണ്ടക്കൈയിലും തിരച്ചിൽ തുടരും. രക്ഷാപ്രവർത്തനത്തിന് സാധ്യമായ എല്ലാകാര്യങ്ങളും ചെയ്തുവെന്നാണ് വിവിധ സേനാവിഭാഗങ്ങൾ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന വാർത്തസമ്മേളനത്തിൽ കലക്ടർ ഡി.ആർ. മേഘശ്രീയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.