കൽപറ്റ: വള്ളിയൂർക്കാവ് ദേവസ്വത്തിന്റെ സ്ഥലത്ത് സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കിയ മാര്‍ക്കറ്റിങ് സ്പേസ് നടത്തിപ്പ് ചുമതല വളളിയൂർക്കാവ് ദേവസ്വത്തിന് നല്കാന് ഒ.ആര്. കേളു എം.എല്‍.എ യുടെ നിര്‍ദേശ പ്രകാരം ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ധാരണ.
തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിഹിതം സംബന്ധിച്ച കാര്യത്തില്‍ ടൂറിസം - ദേവസ്വം വകുപ്പുകള്‍ തമ്മില്‍ ധാരണയിലെത്തും. പദ്ധതി ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ യോഗത്തില്‍ എം.എല്‍.എയും കലക്ടറും ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്കി. മാര്‍ക്കറ്റിങ് സ്പേസില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ടൂറിസം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുക്കും.
മറ്റൊരു പദ്ധതിയായ വള്ളിയൂര്‍കാവ് - കമ്മന പാലം നിർമാണം സംബന്ധിച്ച് ദേവസ്വം വക വിട്ടു നല്‍കേണ്ട ഭൂമി വിട്ടു നല്‍കാനും തീരുമാനമായി. പുതിയ പാലം യാഥാർഥ്യമാകുന്നതോടെ നിലവിലെ ദേവസ്വം സ്ഥലത്തിലൂടെയുള്ള പഴയ പാലത്തിന്റെ റോഡ് ഉള്‍പ്പെടെ പൊളിച്ച് മാറ്റി ദേവസ്വത്തിന് ലഭ്യമാക്കി നല്‍കാനും ധാരണയായി. പുതിയ പാലം നിർമിക്കുന്നത് കൊണ്ട് ദേവസ്വത്തിന് സ്ഥല നഷ്ടം സംഭവിക്കാതിരിക്കാന്‍ പ്രധാന റോഡ് മുതല്‍ തൂണുകളിലൂടെയാണ് നിർമാണം.
ഉത്സവകാലത്ത് ഉള്‍പ്പെടെ പാലത്തിന്റെ അടിഭാഗം ദേവസ്വത്തിന് പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് രൂപകൽപന നടത്തിയതെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്കി. യോഗ തീരുമാനങ്ങളുടെ ഭാഗമായി പാലം നിർമാണവും ഉടന്‍ ആരംഭിക്കും.
മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി, നഗരസഭാ കൗണ്‍സിലര്‍ പി.വി. സുനില്‍കുമാര്‍, തഹസില്‍ദാര്‍ പി.യു. സിതാര, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്. മുരളി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഭാത്, മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി. നന്ദകുമാര്‍, പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയര്‍ കെ. അജിത്, ഏച്ചോം ഗോപി, ടി.കെ. അനില്‍കുമാര്‍, കുട്ടികൃഷ്ണന് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.