കൽപറ്റ: എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും രേഖ, എല്ലാസേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യവുമായി സംസ്ഥാനത്ത് നടപ്പാക്കുന്ന എന്റെ ഭൂമി ഡിജിറ്റല്‍ റീസർവേ ചരിത്രത്തിലെ നാഴികകല്ലാവുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഡിജിറ്റല്‍ റീസർവേ ജില്ലതല ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 1966 ല്‍ തുടങ്ങിയ റീസർവേ നടപടികള്‍ 56 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലക്ഷ്യം പൂര്‍ത്തിയായില്ല. ഈ സാഹചര്യത്തിലാണ് നൂതന സാങ്കേതിക വിദ്യയോടെ കേരളം മുഴുവന്‍ നാല് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ റീസർവേ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നത്. എല്ലാ ഒരുക്കവും സര്‍ക്കാര്‍ തുടങ്ങി. ആവശ്യത്തിന് ജീവനക്കാരെ വിന്യസിക്കും.
ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഭൂസർവേയില്‍ ഭൂമി അളവുകളില്‍ ക്യത്യതയും സുതാര്യതയും ഉറപ്പാക്കും. ഭൂവുടമകളുടെ ആശങ്കകള്‍ പ്രാദേശികമായി വാര്‍ഡ് അടിസ്ഥാനത്തില്‍ ചേരുന്ന സർവേ സഭകള്‍ പരിഹരിക്കും. ഭൂരേഖകള്‍ ഡിജിറ്റലായി മാറുന്നതോടെ കാലങ്ങളായി നിലനിന്നിരുന്ന ഭൂപ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകും.
ഒ.ആര്‍. കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. കലക്ടര്‍ എ. ഗീത, മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സൻ സി.കെ. രത്‌നവല്ലി, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എ.ഡി.എം എന്‍.ഐ. ഷാജു, എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ്, നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ പി.വി.എസ്. മൂസ, ഇ.ജെ. ബാബു, കുര്യാക്കോസ് മുള്ളന്‍മട, തഹസില്‍ദാര്‍ എം.ജെ. അഗസ്റ്റിന്‍, ഭൂരേഖ തഹസില്‍ദാര്‍ പി.യു. സിത്താര, സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മംഗളന്‍, റീസർവേ സൂപ്രണ്ടുമാരായ ആര്‍. ജോയി, ഷാജി കെ. പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൽപറ്റ: ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ എട്ട് വില്ലേജുകളിലാണ് ഡിജിറ്റല്‍ റീസർവേ നടത്തുന്നത്. പേര്യ, നല്ലൂര്‍നാട്, വാളാട്, മാനന്തവാടി, തൃശ്ശിലേരി, കാഞ്ഞിരങ്ങാട്, തോമാട്ടുചാല്‍, അമ്പലവയല്‍ വില്ലേജുകളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഡ്രോണ്‍, ടോട്ടല്‍ സ്റ്റേഷന്‍, ആര്‍.ടി.കെ (റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന്‍) എന്നീ ഡിജിറ്റല്‍ ഉപകരണങ്ങള്‍ റീസർവേക്കായി ഉപയോഗിക്കും. മാനന്തവാടി വില്ലേജിലാണ് ആദ്യം സർവേ നടപടികള്‍ ആരംഭിക്കുന്നത്. മൂന്നിന് ഡ്രോണ്‍ സർവേ തുടങ്ങും. ആകാശ കാഴ്ചയില്‍ ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ ആര്‍.ടി.കെ സാങ്കേതിക വിദ്യ ഉപയോഗിക്കും.
സാറ്റ്‌ലൈറ്റ് സിഗ്നലുകള്‍ ലഭ്യമാകാത്ത ഇടങ്ങളില്‍ ഇലക്‌ട്രോണിക്/ റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന്‍ ഉപയോഗിച്ച് സർവേ പൂര്‍ത്തീകരിക്കും. ജില്ലയില്‍ കല്‍പ്പറ്റയിലും മുത്തങ്ങയിലും കണ്ടിന്വസിലി ഓപ്പറേറ്റീവ് റെഫറന്‍സ് സ്റ്റേഷനുകള്‍ (കോര്‍സ്) സ്ഥാപിച്ചിട്ടുണ്ട്.
റീസർവേ നടപടികള്‍ വേഗത്തിലാക്കാന്‍ സർവെ വകുപ്പിലെ ജീവനക്കാരെ കൂടാതെ 80 സർവെയർമാരെയും 152 സഹായികളെയും താല്‍ക്കാലികാടിസ്ഥാനത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. സംസ്ഥാനത്ത് 850 കോടിയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുളളത്.
റീസർവേയുടെ പ്രാധാന്യവും ലക്ഷ്യങ്ങളും സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി വാര്‍ഡ് അടിസ്ഥാനത്തില്‍ ജനപ്രതിനിധികളെയും പൊതുപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി നടത്തുന്ന സർവേ സഭകള്‍ എട്ട് വില്ലേജുകളിലും പൂര്‍ത്തിയായി. സമയബന്ധിതമായി കുറ്റമറ്റ രീതിയില്‍ പരാതികള്‍ക്ക് ഇടമില്ലാത്ത വിധത്തില്‍ സർവേ പൂര്‍ത്തീകരിക്കുന്നതിനാണ് സഭകള്‍ ചേരുന്നത്.
കൽപറ്റ: ഭൂമി സംബന്ധമായ രേഖകള്‍ ഇനി ഡിജിറ്റലായി സൂക്ഷിക്കാം. സംസ്ഥാനത്ത് ഡിജിറ്റല്‍ റീസർവേ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ കാര്യങ്ങളെല്ലാം എളുപ്പമാവുമെന്നാണ് പ്രതീക്ഷ. ഡിജിറ്റല്‍ റീസർവേയിലൂടെ അതിരുകളുടെ സങ്കീര്‍ണതകളടക്കം ഇല്ലാതാകുന്നതോടെ ഭൂമി അതിര്‍ തര്‍ക്കങ്ങളും ഒഴിവാകും.
സംസ്ഥാനത്തെ 200 വില്ലേജുകളിലാണ് ആദ്യഘട്ടത്തില്‍ സർവേ പൂര്‍ത്തിയാക്കുക. സ്വന്തം ഭൂമിക്ക് കൃത്യമായ രേഖകള്‍ ലഭ്യമാകുന്നതിലുപരി സംസ്ഥാനത്തിന്റെ ഭാവി വികസന പദ്ധതികള്‍ക്ക് ഗുണകരമാകുന്ന മാറ്റമാണ് ഡിജിറ്റല്‍ റീസർവേയിലൂടെ പ്രകടമാവുക.
റവന്യു, സര്‍വ്വെ, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ ഭൂമി സംബന്ധമായ സേവനങ്ങളെ ഏകോപിപ്പിച്ച് ഏകജാലക ഓണ്‍ലൈന്‍ സംവിധാനം നിലവില്‍വരും. ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങളെല്ലാം ഇതോടെ എളുപ്പമാകും.
സർവെ ഭൂരേഖ വകുപ്പിന്റെ എന്റെ ഭൂമി ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ഭൂരേഖകള്‍ പരിശോധിക്കാനും കഴിയും. റവന്യു വകുപ്പിന്റെ നിലവിലുള്ള റെലിസ് പോര്‍ട്ടലുമായി ഭൂരേഖകള്‍ ബന്ധിപ്പിക്കുന്നതോടെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും പരസ്പര ബന്ധിത സേവനപരിധിയിലാകും.
പോക്കുവരവ്, സബ്ഡിവിഷന്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം നിലനിന്നിരുന്ന പ്രതിസന്ധികള്‍ക്കും ഇതോടെ വിരാമമാകും. ഓഫിസുകള്‍ കയറിങ്ങാതെ ഭൂമി സംബന്ധമായ എല്ലാ സേവനങ്ങളും ഇതോടെ ഓണ്‍ലൈനായി ലഭിക്കും. ഭൂമി സംബന്ധമായ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കില്‍ ഇത് തിരുത്താനും സംവിധാനമുണ്ടാകും.
റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന്‍ സർവെയില്‍ ഡ്രോണുകളെയും ഉപയോഗപ്പെടുത്തുന്നതിനാല്‍ അതിരുകള്‍ ക്യത്യമായിരിക്കും. സ്ഥലത്തിന്റെ വിസ്തീർണം കണക്കാക്കി ഭൂമിയുടെ ഡിജിറ്റല്‍ രേഖാചിത്രവും ഭൂവുടമക്ക് ലഭ്യമാകും. ഭൂവുടമയുടെ സാന്നിധ്യത്തില്‍ നടത്തുന്ന ഡിജിറ്റല്‍ റീസർവെയില്‍ ഭൂരേഖ ഏറ്റവും കൃത്യതയാര്‍ന്ന ആധികാരിക രേഖകളായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.