കല്പറ്റ: എട്ടുവർഷം കരാർ തൊഴിലാളികളായി ജോലി ചെയ്ത ശേഷം പിരിച്ചുവിട്ട കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കു പട്ടികവര്‍ഗ വികസന വകുപ്പ് മാര്‍ച്ചിലെ ശമ്പളം നല്‍കിയില്ല. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് മാര്‍ച്ച് 31ന് സേവന കാലാവധി അവസാനിച്ച കമിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കാണ് ശമ്പളം ലഭിക്കാത്തത്. തങ്ങൾക്ക് താൽപര്യമുള്ളവരെ തിരുകിക്കയറ്റാനാണ് ഏറെ വർഷത്തെ പരിചയസമ്പത്തുള്ള തങ്ങളെ അന്യായമായി പിരിച്ചുവിട്ടതെന്ന് ജോലി നഷ്ടപ്പെട്ട സോഷ്യല്‍ വര്‍ക്കര്‍മാര്‍ പറയുന്നു. ആദിവാസികളും ദലിതരുമാണ് ജോലി നഷ്ടമായ സോഷ്യല്‍ വര്‍ക്കര്‍മാരില്‍ അധികവും.
പട്ടികവര്‍ഗ വികസന വകുപ്പിലെ ഉന്നതരില്‍ ചിലരുടെ കള്ളക്കളികളാണ് ശമ്പളം വൈകുന്നതിനു പിന്നിലെന്നാണ് ഇവരുടെ ആരോപണം. ആദിവാസി ക്ഷേമം മുന്‍നിര്‍ത്തി സംസ്ഥാനത്ത് 2014ല്‍ വയനാട്ടിലാണ് കമിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരെ നിയമിച്ചത്. സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ആന്ത്രപ്പോളജി എന്നീ വിഷയങ്ങളിലൊന്നില്‍ ബിരുദാന്തരബിരുദമുള്ളവരെയാണ് നിയമനത്തിനു പരിഗണിച്ചത്. 20,000 രൂപ ഓണറേറിയത്തില്‍ ജില്ലയില്‍ 26 പേര്‍ക്കായിരുന്നു നിയമനം.
2017ലാണ് സംസ്ഥാനത്തെ എല്ലാ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളിലും ഓരോ കമിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരെ താൽക്കാലികാടിസ്ഥാനത്തില് നിയമിച്ചത്. ദലിത് വിഭാഗത്തിലെ 34 പേരടക്കം 40 പേരാണ് സോഷ്യല്‍ വര്‍ക്കര്‍മാരായി ജോലി ചെയ്തിരുന്നത്. ഓരോ സാമ്പത്തിക വര്‍ഷാവസാനവും ഇവരുടെ നിയമനം പുതുക്കുകയാണ് ചെയ്തിരുന്നത്. ഇവരെ അപ്പാടെ പിരിച്ചുവിട്ടാണ് പട്ടികവര്‍ഗ വികസന വകുപ്പ് മേഖലയിൽ പരിചയമില്ലാത്ത ആളുകളെ നിയമിക്കുന്നത്. ആദിവാസി മേഖലയിൽ പ്രവർത്തിക്കാൻ ഉന്നത യോഗ്യതയുള്ള ആദിവാസി വിഭാഗക്കാരെ ഒഴിവാക്കി ജനറൽ വിഭാഗത്തിൽനിന്ന് ആളുകളെ തിരുകിക്കയറ്റുന്നത് ഏറെ വിവാദമായിരുന്നു. ഇതിനായി പരീക്ഷയടക്കം ഇംഗ്ലീഷിലാക്കുകയും പട്ടികവർഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒഴിവാക്കുകയും ചെയ്തിരുന്നു. താൽക്കാലിക നിയമനം ലഭിച്ചവര്‍ തൊഴില്‍ സംരക്ഷണത്തിനു പട്ടികവര്‍ഗ വികസന മന്ത്രിക്കും മറ്റും പലതവണ നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.