കൽപറ്റ: സംസ്ഥാന സ്കൂൾ കായികമേളക്കുള്ള ജില്ല ടീമിന്റെ പരിശീലനം മുണ്ടേരി മരവയലിലെ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ല സ്റ്റേഡിയത്തിൽ ആരംഭിച്ചു. വയനാടിന്‍റെ ചരിത്രത്തിലാദ്യമായാണ് സംസ്ഥാന സ്കൂൾ കായികമേളക്കുള്ള ജില്ല ടീമിന് സിന്തറ്റിക് ട്രാക്കിൽ പ്രത്യേക സഹവാസ ക്യാമ്പിലൂടെ പരിശീലനം നൽകുന്നത്. പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ജില്ല ടീമിനുള്ള ക്യാമ്പ് നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.
എന്നാൽ, ജില്ല സ്കൂൾ കായികമേള വിജയകരമായി മരവയലിലെ ജില്ല സ്റ്റേഡിയത്തിൽ സമാപിച്ചതിന് പിന്നാലെ ജില്ല ടീമിന്റെ പരിശീലനം ഇവിടേക്ക് മാറ്റണമെന്ന ചർച്ചകൾ സജീവമായിരുന്നു. പനമരത്തെ മൺട്രാക്കിലെ പരിശീലനത്തേക്കാൾ സിന്തറ്റിക് ട്രാക്കിലെ പരിശീലനം താരങ്ങൾക്ക് ഗുണം ചെയ്യുമെന്നും അഭിപ്രായമുയർന്നു.
സിന്തറ്റിക് ട്രാക്കിൽ പരിശീലനം നൽകുന്നത് അധികൃതർ പരിഗണിക്കുന്നതും അതിന് ജില്ല സ്പോർട്സ് കൗൺസിൽ സൗജന്യമായി സ്റ്റേഡിയം വിട്ടുനൽകുന്നതും 'മാധ്യമം' വാർത്ത നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകൾക്കുശേഷം ജില്ല ടീമിന്റെ പരിശീലനം മരവയലിൽ ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.
ജില്ല പഞ്ചായത്തിന്റെ 'വൺ സ്കൂൾ വൺ ഗെയിം' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സഹവാസക്യാമ്പ് ആരംഭിച്ചിരിക്കുന്നത്. കായികതാരങ്ങൾക്കുള്ള ജഴ്സികളും ജില്ല പഞ്ചായത്ത് ലഭ്യമാക്കും. ജഴ്സിക്കും ക്യാമ്പിനും ചെലവാകുന്ന മൂന്നു ലക്ഷത്തോളം രൂപ ജില്ല പഞ്ചായത്താണ് വഹിക്കുന്നത്.
ജില്ല ടീമിന് പരിശീലനത്തിനായി സ്റ്റേഡിയം സൗജന്യമായി നൽകുമെന്ന് നേരത്തേ തന്നെ ജില്ല സ്പോർട്സ് കൗൺസിൽ ജില്ല ഭരണകൂടത്തെ അറിയിച്ചിരുന്നു. തുടർന്നാണ് ഇതിനുള്ള തുടർനടപടികൾ റവന്യു ജില്ല ഗെയിംസ് ഓർഗനൈസിങ് സെക്രട്ടറി ബിജൂഷ് കെ. ജോർജിന്‍റെ നേതൃത്വത്തിൽ ആരംഭിച്ചത്.
സ്റ്റേഡിയത്തിലേക്ക് പരിശീലനം മാറ്റാൻ ജില്ല പഞ്ചായത്തും ജില്ല ഭരണകൂടവും വേഗത്തിൽ ഇടപെട്ടതോടെ കാര്യങ്ങൾ എളുപ്പമാവുകയായിരുന്നു. ജില്ല സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച മുതൽ നവംബർ 28വരെയാണ് പരിശീലന ക്യാമ്പ്. സംസ്ഥാന തല മത്സരങ്ങൾക്കു യോഗ്യത നേടിയ 202 അംഗ സംഘമാണ് ക്യാമ്പിൽ പങ്കെടുക്കുക.
ഇവരിൽ 95 പേർ പെൺകുട്ടികളാണ്. റസിഡൻഷ്യൽ ക്യാമ്പായി രാവിലെ ഏഴു മുതൽ ഒമ്പതുവരെയും വൈകീട്ട് നാലു മുതൽ 6.30വരെയുമായി രണ്ടു സെഷനുകളിലായാണ് പരിശീലനം നൽകുന്നത്. ജില്ല സ്പോർട്സ് ഹോസ്റ്റൽ മുഖ്യ പരിശീലകൻ ടി. ത്വാലിബിന്റെ നേതൃത്വത്തിലാണ് പരിശീലനം.
നാലു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ ജില്ലയിലെ മുഴുവൻ കായികധ്യാപകരുടെ സേവനവും ലഭ്യമാകും. ഡിസംബർ മൂന്നു മുതൽ ആറു വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂനിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് സംസ്ഥാന സ്കൂൾ കായികമേള നടക്കുന്നത്.
വയനാടിന്‍റെ ചരിത്രത്തിലാദ്യമായാണ് ജില്ല സ്കൂൾ കായികമേള മരവയലിലെ സിന്തറ്റിക് ട്രാക്കിൽ 17,18,19 തീയതികളിൽ പൂർത്തിയായത്. എന്നാൽ, മീറ്റിൽ താരങ്ങളുടെ പ്രകടനവും ചർച്ചയായി. സിന്തറ്റിക് ട്രാക്കിലെ പരിചയക്കുറവും സ്പൈക്സ് ഉപയോഗിക്കാത്തതും മികച്ച പരിശീലനം ലഭ്യമാക്കേണ്ടതിന്‍റെ പ്രധാന്യം വ്യക്തമാക്കി.
ജില്ലയിലെ വിവിധ സ്കൂളുകളിലെ മികച്ച താരങ്ങളെ കണ്ടെത്തി അവർക്ക് സിന്തറ്റിക് ട്രാക്കിൽ അവധിക്കാല ക്യാമ്പുകളുൾപ്പെടെ നൽകി വിദഗ്ധ പരിശീലനം ലഭ്യമാക്കിയാൽ അടുത്ത ജില്ല മീറ്റിനും സംസ്ഥാന മീറ്റിനും വയനാട്ടിൽനിന്നും മികച്ച കായികതാരങ്ങളുണ്ടാകുമെന്ന് കായികധ്യാപകരും അഭിപ്രായപ്പെടുന്നു.
സംസ്ഥാന മീറ്റിനുള്ള ടീമിന് നൽകുന്ന ക്യാമ്പിൽ പ്രചോദനമുൾക്കൊണ്ട് വരും നാളുകളിൽ പ്രത്യേക അവധിക്കാല ക്യാമ്പുകളുൾപ്പെടെ നടത്താൻ അധികൃതരുടെ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.