കൽപറ്റ: കടുത്ത വേനൽ തുടരുകയും മഴ ലഭിക്കാതിരിക്കുകയും ചെയ്യുന്നതോടെ ജില്ലയിലെ പ്രാദേശിക കുടിവെള്ള പദ്ധതികള്‍ പ്രതിസന്ധിയിൽ. ജലാശയങ്ങളിലും ജലസ്രോതസ്സുകളിലും ഉറവ വറ്റുന്നതിനാൽ പദ്ധതികൾ കുടിവെള്ളം വിതരണം ചെയ്യാനാവാതെ നിലക്കുകയാണ്.
വേനൽ നിലവിലെ രീതിയിൽ തുടർന്നാൽ കുടിവെള്ളം പൂർണമായും മുടങ്ങുമോയെന്ന ആശങ്കയിലാണ് പദ്ധതി ഗുണഭോക്താക്കൾ. ദിവസവും രാവിലെയും വൈകീട്ടും പമ്പിങ് നടത്തി വെള്ളം നൽകിയിരുന്ന പല പദ്ധതികളിൽനിന്നുമുള്ള ജലവിതരണം ഇപ്പോൾ ഒരു തവണയായി കുറച്ചിട്ടുണ്ട്.
കാലാവസ്ഥ മാറ്റമില്ലാതെ തുടർന്നാൽ ജലവിതരണം ദിവസങ്ങൾ കൂടുമ്പോൾ മാത്രമായി ചുരുക്കേണ്ടിവരുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
കടുത്ത വേനലിൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നത് കർഷകർക്ക് ഇരുട്ടടിയാവുകയാണ്. നനക്കാനാവശ്യമായ വെള്ളമില്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. തുലാമഴയും വേനല്‍മഴയും ചതിച്ചതോടെ തിരുനെല്ലിയില്‍ 18,000ത്തോളം കരവാഴ കൃഷി നാശത്തിന്റെ വക്കിലാണ്. നൂൽപുഴ പഞ്ചായത്തിലെ പുലിതൂക്കി പ്രദേശത്തും വിളകൾ ഉണങ്ങി നശിക്കുകയാണ്.
കവുങ്ങും തെങ്ങും വാഴയുമെല്ലാം കരിഞ്ഞുണങ്ങുകയാണ്. വേനൽമഴ ലഭിച്ചില്ലെങ്കിൽ ജില്ല രൂക്ഷമായ വരൾച്ചയുടെ പിടിയിലാകുമെന്നാണ് കർഷകർ പറയുന്നത്. കബനിയിൽ ജലനിരപ്പ് വളരെ താഴ്ന്നതും ചിലയിടങ്ങളിൽ വറ്റിവരണ്ടതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
പുൽപള്ളി: കടമാൻതോട് പദ്ധതി വൈകിപ്പിക്കൽ പുൽപള്ളി, മുള്ളൻകൊല്ലി മേഖലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണന്ന് സി.പി.എം പുൽപള്ളി ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. 2018ലാണ് ജില്ലയിൽ രണ്ടു പദ്ധതികൾ പ്രഖ്യാപിച്ചത്. ഇതിൽ മാനന്തവാടി മണ്ഡലത്തിലെ തോണ്ടാർ പദ്ധതി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.
എന്നാൽ, കടമാൻതോട് പദ്ധതി സംബന്ധിച്ച് അടിമുടി അവ്യക്തത നിലനിൽക്കുകയാണ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെയും എം.എൽ.എമാരുടെയും യോഗം വിളിച്ച് പദ്ധതി നിർവഹണ നടപടികൾ വേഗത്താലാക്കാൻ നിർദേശിച്ചു.
എന്നാൽ, രണ്ടു തവണ യോഗം വിളിച്ചെങ്കിലും മാറ്റിവെച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്തുന്നതിന് എം.എൽ.എ ഉൾപ്പടെയുള്ള ജനപ്രതിനിധികൾക്ക് താൽപര്യമില്ലെന്നത് പ്രതിഷേധാർഹമാണ്. കബനി വറ്റിവരണ്ട സാഹചര്യത്തിൽ പുൽപള്ളി-മുള്ളൻകൊല്ലി ശുദ്ധ ജലവിതരണവും താളംതെറ്റാൻ പോവുകയാണ്. ഈ സാഹചര്യം മനസ്സിലാക്കി ഇടപെടുന്നതിലും അധികൃതരെ ബോധ്യപ്പെടുത്തുന്നതിലും ജനപ്രതിനിധികൾ പരാജയപ്പെട്ടു.
എം. എൽ.എയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ ഗുരുതര വീഴച്ചവരുത്തിയെന്നും സി.പി.എം നേതാക്കൾ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 27ന് മുള്ളൻകൊല്ലിയിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുമെന്നും തുടർ പ്രക്ഷോഭങ്ങളുണ്ടാകുമെന്നും നേതാക്കൾ അറിയിച്ചു. യോഗത്തിൽ പി.ജെ. പൗലോസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം പി.വി. സഹദേവൻ, എം.എസ്. സുരേഷ് ബാബു, സജി മാത്യു, പ്രകാശ് ഗഗാറിൻ, ബിന്ദു പ്രകാശ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.