കൽപറ്റ: ജില്ലയിൽ വരള്‍ച്ച ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ഊർജിതമായി നടപ്പാക്കാൻ വിവിധ വകുപ്പുകൾക്ക് ജില്ല കലക്ടർ ഡോ. രേണുരാജ് നിർദേശം നൽകി. വരൾച്ച ലഘൂകരണ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. കുടിവെള്ളക്ഷാമത്തിന് സാധ്യതയുള്ള പ്രദേശങ്ങളിൽ പഞ്ചായത്ത് തലത്തിൽ കുടിവെള്ള വിതരണം നടപ്പാക്കണമെന്ന് തദ്ദേശ വകുപ്പിന് നിർദേശം നൽകി.
ജി.പി.എസ് ട്രാക്കിങ്, റൂട്ട് മാപ്പ് സംവിധാനം ഏർപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങൾ കുടിവെള്ള വിതരണം നടപ്പാക്കുകയും പൊതുജനങ്ങൾക്ക് കുടിവെള്ളം ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുകയും ചെയ്യണം. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കിണറുകൾ, കുളം എന്നിവയുടെ പുനരുജ്ജീവനവും റീചാർജിങ്ങും നടത്തണം. ജലക്ഷാമം രൂക്ഷമായ കൃഷിയിടങ്ങൾ കണ്ടെത്താനും കൃഷിയിടങ്ങൾക്ക് സമീപം സ്ഥിതി ചെയ്യുന്ന ജലസ്രോതസ്സുകളുടെ നിലവിലെ അവസ്ഥ പരിശോധിക്കാനും കൃഷിവകുപ്പിന് നിർദേശം നൽകി.
സൂര്യാഘാതം, സൂര്യാതപം എന്നിവക്കെതിരെ കർഷകരിലും കർഷകത്തൊഴിലാളികളിലും ബോധവത്കരണം നടത്തണം. മൃഗസംരക്ഷണ വകുപ്പ് മൃഗങ്ങൾക്ക് ആവശ്യമായ ജലലഭ്യത ഉറപ്പുവരുത്തണം. വളർത്തു മൃഗങ്ങളിലുണ്ടാകുന്ന ഉഷ്ണകാല രോഗങ്ങൾക്ക് പ്രതിരോധ മരുന്നുകൾ, മാർഗങ്ങൾ എന്നിവ പൊതുജനങ്ങളിലേക്ക് എത്തിക്കണം.
ഉഷ്ണതരംഗങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ തൊഴിലാളികളിലേക്ക് എത്തിക്കാനും ജോലിസ്ഥലങ്ങളിൽ ജലലഭ്യത ഉറപ്പുവരുത്തുന്ന സംവിധാനങ്ങൾ ഏർപ്പെടുത്താനും തൊഴിൽ വകുപ്പിന് നിർദേശം നൽകി. സൂര്യാതപമേൽക്കാനിടയുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവരുടെ തൊഴിൽസമയം പുനഃക്രമീകരിച്ച ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തൊഴിലാളികൾക്ക് രാവിലെ 11 മുതൽ മൂന്നു വരെ വിശ്രമം അനുവദിക്കുന്ന തരത്തിലുള്ള സമയ പുനഃക്രമീകരണം നടപ്പാക്കണം.
വാർഷിക പരീക്ഷകളുടെ സമയങ്ങളിൽ വിദ്യാർഥികൾക്ക് കുടിവെള്ള ലഭ്യത ഉറപ്പുവരുത്താനും വാട്ടർ ബെൽ സമ്പ്രദായം മുഴുവൻ വിദ്യാലയങ്ങളിലും നടപ്പാക്കാനും പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി.
വേനലവധി സമയങ്ങളിൽ അത്യാവശ്യമെങ്കിൽ മാത്രം സ്പെഷൽ ക്ലാസുകൾ നടത്തണം. വേനൽക്കാലത്ത് തീപിടിത്തം തടയുന്നതിന് പരിശോധനയും അവബോധവും അഗ്നിരക്ഷ വകുപ്പ് ശക്തിപ്പെടുത്തണം.
കെട്ടിടങ്ങളിൽ ഫയർ ഓഡിറ്റ് പൂർത്തീകരിക്കണം. എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ചൂട് കേന്ദ്രീകരിച്ചുള്ള പരിശോധന നടപടിക്രമങ്ങൾ സ്വീകരിക്കാനും മതിയായ മെഡിക്കൽ സപ്ലൈസ് ലഭ്യമാണെന്ന് ഉറപ്പാക്കാനും ആരോഗ്യ വകുപ്പിന് നിർദേശം നൽകി. റിപ്പോർട്ട് ചെയ്യുന്ന സൂര്യാഘാത, സൂര്യാതപ കേസുകൾ സംബന്ധിച്ച വിവരങ്ങൾ സമയബന്ധിതമായി ജില്ല ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കണം. ദിനംപ്രതിയുള്ള മഴയുടെ അളവ്, പുഴകളിലെ ജലലഭ്യത, അന്തരീക്ഷ താപനില എന്നിവ ജലസേചന വകുപ്പ് നിരീക്ഷിക്കണം.
രൂക്ഷമായ ചൂട് അനുഭവപ്പെടുന്ന രാവിലെ 11 മുതൽ മൂന്നു വരെ സമയങ്ങളിൽ വൈദ്യുതി മുടങ്ങാതിരിക്കാനുള്ള നടപടി വൈദ്യുതി വകുപ്പ് സ്വീകരിക്കണം. പോസ്റ്റിലും മറ്റും കയറി ജോലി ചെയ്യുന്നവർ ഉൾപ്പെടെ സൂര്യരശ്മികളുമായി നേരിട്ട് സമ്പർക്കത്തിലുള്ള ജോലികളിൽ ഏർപ്പെടുന്നവർക്ക് സൂര്യാഘാതത്തെ സംബന്ധിച്ച് അറിയിപ്പ് നൽകണം.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ശുദ്ധജലത്തിന്റെയും ഒ.ആർ.എസിന്റെയും വിശ്രമ സ്ഥലങ്ങളുടെയും ലഭ്യത ഉറപ്പാക്കാനും ഉഷ്ണതരംഗ അലർട്ട് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്ന ഘട്ടങ്ങളിൽ ചൂടേറിയ പ്രദേശങ്ങളിൽ വിനോദസഞ്ചാരം നിയന്ത്രിക്കാനും ടൂറിസം വകുപ്പിന് നിർദേശം നൽകി.
ഭിന്നശേഷിക്കാരെ ചൂട് കൂടുന്നതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച് ബോധവത്കരിക്കണം. അതിനാവശ്യമായ ബ്രെയിൽ, ഓഡിയോ-വിഡിയോ -ആംഗ്യഭാഷ മെറ്റീരിയലുകൾ തയാറാക്കാനും വിതരണം ചെയ്യാനും സാമൂഹിക നീതി വകുപ്പിന് നിർദേശം നൽകി.
സർക്കാർ, സർക്കാറിതര നിയന്ത്രണങ്ങളിലുള്ള വൃദ്ധസദനങ്ങൾ, അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിലും ബോധവത്കരണം നടത്തുകയും ശുദ്ധജലത്തിന്റെയും ഒ.ആർ.എസ്, മറ്റ് അവശ്യ മരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യണം. എ.ഡി.എം കെ. ദേവകി, എൽ.എ ഡെപ്യൂട്ടി കലക്ടർ ഇ. അനിത കുമാരി എന്നിവർ പങ്കെടുത്തു.
◆പഞ്ചായത്ത് തലത്തിൽ കുടിവെള്ള വിതരണം നടപ്പാക്കണം
◆പൊതുജനങ്ങൾക്ക് കുടിവെള്ളം ഉറപ്പുവരുത്തുക
◆മൃഗങ്ങൾക്ക് ആവശ്യമായ ജലലഭ്യത സാധ്യമാക്കണം
◆വാട്ടർ ബെൽ സമ്പ്രദായം മുഴുവൻ വിദ്യാലയങ്ങളിലും
◆വേനലവധി സമയങ്ങളിൽ അത്യാവശ്യമെങ്കിൽ മാത്രം
സ്പെഷൽ ക്ലാസുകൾ
◆കെട്ടിടങ്ങളിൽ ഫയർ ഓഡിറ്റ് പൂർത്തീകരിക്കണം
◆എല്ലാ ആശുപത്രികളിലും ചൂട് കേന്ദ്രീകരിച്ചുള്ള പരിശോധന
നടപടിക്രമങ്ങൾ
◆രാവിലെ 11 മുതൽ മൂന്നു വരെ വൈദ്യുതി മുടങ്ങാതിരിക്കാനുള്ള നടപടി
◆ചൂടേറിയ പ്രദേശങ്ങളിൽ വിനോദസഞ്ചാരം നിയന്ത്രിക്കണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.