കൽപറ്റ: ഹൈടെക് സ്‌കൂള്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താൻ വിദ്യാലയങ്ങളിൽ ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് പദ്ധതി ഒരുങ്ങുന്നു. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) നേതൃത്വത്തിൽ ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് പരിശീലനം.
കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ ഇംഗ്ലീഷില്‍ സംസാരിക്കാനും എഴുതാനും അനുഭവങ്ങള്‍ പങ്കുവെക്കാനും രസകരമായ കഥകള്‍ കേള്‍ക്കാനും വായിക്കാനും ധാരാളം പഠനപ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് ചെയ്യാനും ഇ-ക്യൂബ് ഇ-ലാംഗ്വേജ് ലാബിലൂടെ കഴിയും. നിലവില്‍ വിദ്യാലയങ്ങളില്‍ ലഭ്യമായ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് ഇന്‍ററര്‍നെറ്റ് സൗകര്യംപോലും ആവശ്യമില്ലാത്തവിധം നടത്താവുന്ന വിധത്തിലാണ് ഇ-ലാംഗ്വേജ് ലാബ് ഉപയോഗിച്ചുള്ള പഠനപ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
കേന്ദ്രീകൃത സെർവർ സംവിധാനം ആവശ്യമില്ലെന്നത് പദ്ധതി നടപ്പാക്കാനുള്ള ചെലവ് കുറക്കുന്നു. ഇ-ക്യൂബ് സോഫ്റ്റ്വെയറിലെ സ്റ്റുഡന്‍റ് കൺസോൾ വഴിയാണ് വിദ്യാർഥികൾക്ക് പഠന-പരിശീലന മൊഡ്യൂളുകൾ ലഭ്യമാവുക. ടീച്ചർ കൺസോൾ വഴി അധ്യാപകർ കുട്ടികൾക്ക് മാർഗനിർദേശങ്ങൾ നൽകുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും. പ്രധാനാധ്യാപകർക്ക് പഠനം നിരീക്ഷിക്കാനുള്ള സൗകര്യവും സോഫ്റ്റ്വെയറിലുണ്ട്. ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളെ നാലു വിഭാഗങ്ങളാക്കി തിരിച്ചാണ് ഭാഷാപരിശീലന പ്രവർത്തനങ്ങൾ.
സോഫ്‌റ്റ്‌വെയറിലെ നാലു വിഭാഗത്തിലും 10 കഥകളും ഭാഷാപഠനപ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. വിദ്യാർഥികൾക്ക് കഥകൾ കേൾക്കാനും പരിശീലനപ്രവർത്തനങ്ങൾ ചെയ്യാനും സൗകര്യമുണ്ട്. വിദ്യാർഥികൾക്ക് അവരുടെ ശബ്ദങ്ങളും വിഡിയോകളും റെക്കോഡ് ചെയ്യാനും ആവശ്യമെങ്കിൽ ഭാഷാപ്രയോഗം കൂടുതൽ മെച്ചപ്പെടുത്താനും അവസരമുണ്ടാവും. വിദ്യാർഥികൾ തയാറാക്കുന്ന പ്രോജക്ടുകൾ അവർക്കുതന്നെ സോഫ്റ്റ്വെയറിൽ അപ്ലോഡ് ചെയ്യാൻ കഴിയും.
ഇ-ക്യൂബ് പഠനപ്രവർത്തനങ്ങൾ
കഥകൾ അടക്കമുള്ളവ കേൾക്കൽ
വിഡിയോ കാണൽ
ക്വിസ് മത്സരങ്ങൾ
ഡ്രാഗ് ആൻഡ് ഡ്രോപ് പരിശീലനം
തെറ്റോ ശരിയോ നിശ്ചയിക്കൽ
വിട്ട ഭാഗം പൂരിപ്പിക്കൽ
ഓഡിയോ-വിഡിയോ റെക്കോഡിങ്
അസൈൻമെന്റ് അപ്ലോഡ് ചെയ്യൽഅധ്യാപകർക്ക് പരിശീലനം തുടങ്ങി
കൽപറ്റ: ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്കുള്ള ദ്വിദിന ഐ.ടി പരിശീലനം ജില്ലയിൽ തുടങ്ങി. 10 സെഷനുകളിലായാണ് ദ്വിദിന ഐ.ടി പരിശീലനം പ്രൈമറി അധ്യാപകര്‍ക്കായി കൈറ്റ് ക്രമീകരിച്ചിരിക്കുന്നത്.
ജില്ലയില്‍ മൂന്നു പരിശീലന കേന്ദ്രങ്ങളിലായി 54 ഡി.ആര്.ജിമാരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. അധ്യാപകപരിശീലനത്തിന് ഇത്തവണ സമഗ്രമായ ഓണ്‍ലൈന്‍ ട്രെയിനിങ് മാനേജ്മെന്റ് സിസ്റ്റവും കൈറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലനത്തിനുള്ള രജിസ്ട്രേഷനും ഷെഡ്യൂളിങ്ങും ബാച്ച് തിരിച്ചുള്ള അറ്റന്‍ഡന്‍സ്, അക്വിറ്റന്‍സ്, സര്‍ട്ടിഫിക്കറ്റ് തയാറാക്കൽ, ഫീഡ് ബാക്ക് ശേഖരിക്കൽ എല്ലാം ഇതുവഴിയാണ് നല്‍കുന്നത്.
മേയ് 31 വരെ നീളുന്ന ഐ.ടി പരിശീലനത്തിന് വിവിധ ബാച്ചുകളിലായി ഇതുവരെ 2455 അധ്യാപകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.