കൽപറ്റ: ഇ-മുറ്റം ഡിജിറ്റൽ സാക്ഷരത പദ്ധതി പൂർത്തീകരിക്കുന്ന ജില്ലയിലെ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമായി കൽപറ്റ നഗരസഭ. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കർമപരിപാടിയില്‍ ഉള്‍പ്പെടുത്തി സാക്ഷരത മിഷനിലൂടെയാണ് കല്പറ്റ നഗരസഭയില്‍ ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരത പദ്ധതി നടപ്പാക്കിയത്. പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ നിർവഹിച്ചു. സാക്ഷരത പ്രവർത്തനങ്ങളുടെ അതിനിർണായക ഘടകമാണ് ഇ-സാക്ഷരതയെന്ന് എം.എൽ.എ പറഞ്ഞു.
നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യപ്രഭാഷണം നടത്തി. സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൻ കെ. അജിത, സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ. എ.പി മുസ്തഫ, അഡ്വ. ടി.ജെ. ഐസക്, സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ പി.വി. ശാസ്ത പ്രസാദ്, നഗരസഭ അസിസ്റ്റന്റ് സെക്രട്ടറി പി.ടി. ദേവദാസ് എന്നിവർ സംസാരിച്ചു.
ഡിജിറ്റൽ നിരക്ഷരത ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരത മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന പദ്ധതിയാണിത്.
കമ്പ്യൂട്ടർ, ഇന്റർനെറ്റ്, സ്മാർട്ട് ഫോൺ, സമൂഹ മാധ്യമങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുക എന്നതാണ് ഇ-മുറ്റം പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കല്പറ്റ ഗവ. എന്‍.എം.എസ്.എം കോളജിലെ എൻ.എസ്.എസ്, എൻ.സി.സി വളന്റിയർമാർക്ക് പരിശീലനം നൽകിയിരുന്നു.
രജിസ്റ്റർ ചെയ്ത പഠിതാക്കൾക്ക് സ്മാർട്ട് ഫോൺ ഉപയോഗിച്ച് 10 മണിക്കൂർ ക്ലാസ് നൽകി. നഗരസഭയിലെ 28 വാർഡുകളിലേക്ക് രണ്ടു പേർ വീതം 56 വിദ്യാർഥികളുടെ സേവനം ലഭ്യമാക്കി.
സാക്ഷരത മിഷന്റെ മേപ്പാടി, കൽപറ്റ ഹയർ സെക്കൻഡറി തുല്യത പഠന കേന്ദ്രങ്ങളിലെ പഠിതാക്കളും പ്രവർത്തനങ്ങളിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.