കൽപറ്റ: യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിക്കാന്‍ യോഗ്യമായ കേരളത്തിലെ ചുരുക്കം സങ്കേതങ്ങളില്‍ ഒന്നാണ് എടക്കല്‍ ഗുഹയെന്നും ഇത് ലഭ്യമാക്കുന്നതിനുള്ള പരിശ്രമങ്ങളാണ് സംസ്ഥാന പുരാവസ്തു വകുപ്പ് നടത്തിവരുന്നതെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. എടക്കല്‍ പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ യോഗവും ത്രിദിന ശിൽപശാലയും സുല്‍ത്താന്‍ ബത്തേരി സപ്ത റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ചരിത്രപണ്ഡിതനായ ഡോ. എം.ആര്. രാഘവവാര്യരുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ സമിതിയെയാണ് എടക്കല്‍ സംരക്ഷണവും വികസനവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിന് സര്‍ക്കാര്‍ നിയോഗിച്ചത്.
യുനെസ്കോ നിഷ്കര്‍ഷിച്ചിട്ടുള്ള 10 മാനദണ്ഡങ്ങളില്‍ ഏതെങ്കിലും ഒന്ന് പാലിക്കപ്പെട്ടാല്‍ അതിന് പൈതൃക പദവിക്ക് അര്‍ഹത ഉണ്ടെന്നിരിക്കെ ഒന്നിലധികം മാനദണ്ഡങ്ങള്‍ തൃപ്തികരമായി പാലിക്കപ്പെട്ടിട്ടുള്ള എടക്കലിന് പദവി ലഭിക്കുമെന്നതില്‍ സംശയമില്ല. എടക്കല്‍ ചിത്രങ്ങള്‍ ഏറെ സംരക്ഷണം ആവശ്യപ്പെടുന്നുണ്ട്. മഴവെള്ളം ഒലിച്ചിറങ്ങി ചിത്രങ്ങള്‍ക്ക് തേയ്മാനം സംഭവിക്കുന്നുണ്ട്.
പായലും പൂപ്പലും വളര്‍ന്ന് പാറയുടെ രാസഘടന മാറിപ്പോകുന്ന സ്ഥിതിയുണ്ട്. മറ്റൊരു ഭീഷണി സമീപത്തുള്ള ക്വാറികള്‍ ഉയര്‍ത്തുന്നതാണ്. എടക്കലിനു ചുറ്റുമുള്ള പാറകളും മലകളും ഇടിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് വലിയൊരു പൈതൃക സമ്പത്താണ്. എടക്കലിനു ചുറ്റും അതിവേഗമുള്ള നഗരവത്കരണവും ചര്‍ച്ചകള്‍ക്ക് വിധേയമാക്കണമെന്നും മന്ത്രി പറഞ്ഞു.
ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ, ടൂറിസം- പുരാവസ്തു വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു എന്നിവര്‍ ഓണ്‍ലൈനായി ശിൽപശാലയില് സംസാരിച്ചു. വിദഗ്ധ സമിതി ചെയര്മാന് ഡോ. എം.ആര്. രാഘവവാര്യര്, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ. ദിനേശന്, സാംസ്കാരിക വകുപ്പ് അഡീഷനല്‍ സെക്രട്ടറി ജനാര്ദനന്, ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ്, നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍, പുരാവസ്തു സംരക്ഷണ ഓഫിസര്‍ എസ്. ജൈകുമാര്‍ എന്നിവര്‍ പങ്കെടുത്തു. സംഘം ശനിയാഴ്ച എടക്കല്‍ ഗുഹ സന്ദര്‍ശിക്കും. ശിൽപശാല ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.