കൽപറ്റ: ഈദുൽ ഫിത്റിന് ദിവസങ്ങൾ മാത്രം ശേഷിക്കേ വിപണിയിൽ കച്ചവടം സജീവമായി. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീങ്ങിയ ശേഷമെത്തുന്ന ആദ്യ പെരുന്നാളിൽ വിപണി നിറഞ്ഞ പ്രതീക്ഷകളിലാണ്. മഹാമാരിയുടെ തിരിച്ചടിയിൽ നഷ്ടപ്പെട്ട വിപണിയുടെ ആഘോഷനാളുകളിലെ സജീവത വീണ്ടെടുക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ഇക്കുറി വ്യാപാരികൾ.

ഓഫറുകളും ഡിസ്കൗണ്ടുകളുമൊക്കെയായാണ് കച്ചവടം പൊടിപൊടിക്കുന്നത്. കാർഷികമേഖല ഉൾപ്പെടെ കനത്ത തിരിച്ചടിയിൽ മുങ്ങി വയനാടിന്റെ സമ്പദ് വ്യവസ്ഥ തകർന്നിരിക്കുമ്പോഴും നിയന്ത്രണങ്ങളില്ലാതെയെത്തുന്ന പെരുന്നാൾ ആഘോഷമാക്കാൻ കടംവാങ്ങിയിട്ടായാലും ആളുകൾ വിപണിയിലെത്തുന്നുണ്ട്. തുണിവ്യാപാരമേഖലയിൽ കോവിഡിന് മുമ്പത്തെ ഉണർവ് ദൃശ്യമാണ്. 700ഓളം ദിവസം കച്ചവടം മുടങ്ങിയ അപൂർവ പ്രതിസന്ധികാലം വ്യാപാരികളുടെ നടുവൊടിച്ചിരുന്നു.

ഇത്തവണ പക്ഷേ, എല്ലാം ശുഭകരമായാണ് നീങ്ങുന്നത്. ഉത്സവ സീസൺ മുന്നിൽ കണ്ട് സ്റ്റോക് നിറച്ചവർക്കെല്ലാം കച്ചവടം ഉഷാറാണ്. സ്കൂൾ അവധിയായതിനാൽ കുടുംബസമേതമാണ് ഭൂരിഭാഗം പേരും കടകളിൽ എത്തുന്നത്. രാത്രിയിലും വിപണി സജീവമായിട്ടുണ്ട്. നോമ്പുതുറന്ന് പ്രാർഥനക്കുശേഷം വസ്ത്രങ്ങൾ ഉൾപ്പെടെ വാങ്ങാൻ കുടുംബസമേതം നഗരങ്ങളിൽ എത്തുന്നവർ കൂടുന്നതു വ്യാപാരികൾക്ക് പ്രതീക്ഷ സമ്മാനിക്കുന്നു.

പതിവുപോലെ വസ്ത്രവിപണിയില്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കാണ് ഏറെ പ്രിയം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തുണിത്തരങ്ങള്‍ക്ക് നേരിയ വിലവധനയുണ്ട്. ചുരിദാറുകൾ വാങ്ങാൻ എത്തുന്നവർ വിലയേക്കാൾ മുൻതൂക്കം നൽകുന്നത് പുത്തൻ മോഡലുകൾക്കാണ്. സാമ്പത്തിക മാന്ദ്യം ഏറെയുണ്ടെങ്കിലും സാമ്പത്തിക സ്ഥിതി അനുസരിച്ചുള്ള വസ്ത്രങ്ങൾ വിപണിയിൽ യഥേഷ്ടമുണ്ട്. ഉപഭോക്താക്കളെ ആകർഷിക്കാൻ സമ്മാനപദ്ധതികളും ഒരുക്കിയിട്ടുണ്ട്.

വിഷു, പെരുന്നാൾ വിപണിയിലേക്കായി ഫെബ്രുവരി അവസാനം തന്നെ കടകളിൽ സ്റ്റോക്ക് എത്തിച്ചിരുന്നു. വസ്ത്രവിപണിക്ക് പുറമെ ചെരിപ്പ് വിപണിയും ഉണർവിലാണ്. ചെരിപ്പ്, ഫാന്‍സി, മറ്റു അലങ്കാര വസ്തുക്കള്‍ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങള്‍ക്കെല്ലാം രണ്ടുവര്‍ഷമായി നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമാണുള്ളത്. ഭീമമായ വാടകയും വൈദ്യുതി ബില്ലും വായ്പ അടക്കമുള്ള ബാധ്യതയും താങ്ങാന്‍ കഴിയാതെവന്നതോടെ കിട്ടിയ വിലക്ക് സ്ഥാപനം വില്‍പന നടത്തിയവരും കട ഒഴിഞ്ഞുകൊടുത്തവരും ഏറെയുണ്ട്.

പലചരക്ക് വിപണിയിൽ ബിരിയാണി അരി ഉൾപ്പെടെയുള്ളവയ്ക്ക് വിലയേറെ വർധിച്ചിട്ടുണ്ട്. എങ്കിലും കിലോക്ക് നൂറുരൂപക്ക് മുകളിലുള്ള ബിരിയാണി അരിയാണ് ആളുകൾ കൂടുതൽ തെരഞ്ഞെടുക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു. വിഷുവും ഈസ്റ്ററും പെരുന്നാളും ഒന്നിച്ചെത്തിയ ഉത്സവനാളിൽ ഗൃഹോപകരണ വിപണിയിലും ഉണർവേറെയാണ്. ടെലിവിഷൻ, റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മിക്സി, ഗ്രൈൻഡർ, മൈക്രോവേവ് ഓവൻ തുടങ്ങിയവക്കെല്ലാം അവസരം മുന്നിൽകണ്ട് കമ്പനികൾ 50 ശതമാനം വരെയൊക്കെ കിഴിവ് നൽകി ആളുകളെ ആകർഷിക്കുന്നുണ്ട്.

പെരുന്നാൾ വിപണി കഴിഞ്ഞാൽ സ്കൂൾ യൂനിഫോം വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.

പിന്നെ ബലിപെരുന്നാളും ഓണവുമെത്തുന്നതോടെ പതിവുകാലങ്ങളിലേക്ക് വിപണി സജീവമാകുമെന്ന കണക്കുകൂട്ടലിലാണ് കച്ചവടക്കാർ. അതിന് മഹാമാരി അകന്നുനിൽക്കുകയും നിയന്ത്രണങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യണമെന്നും അവരാഗ്രഹിക്കുന്നു.

Tags:    
News Summary - eid sale active in market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.