representation image

ന്യായവില രേഖപ്പെടുത്തിയതിൽ അപാകത; കൽപറ്റ വില്ലേജിലെ ഭൂവുടമകൾ വലയുന്നു

കൽപറ്റ: ന്യായവില രജിസ്റ്ററിൽ അമിതമായ തുക രേഖപ്പെടുത്തിയത് കാരണം കൽപറ്റ വില്ലേജിലെ നാൽപതോളം കുടുംബങ്ങൾ ഭൂമി ക്രയവിക്രയം ചെയ്യാനാവാതെ പ്രയാസപ്പെടുന്നു. രജിസ്റ്ററിൽ ഒരു പൂജ്യം കൂടിയതോെട ആയിരങ്ങൾ ലക്ഷങ്ങളായി മാറിയതിന്റെ ദുരിതം അനുഭവിക്കുകയാണ് ഭൂവുടമകൾ.

കൽപറ്റ വില്ലേജ് ബ്ലോക്ക് നമ്പർ 18ൽ 498, 499 സർവേ നമ്പറുകളിൽ ന്യായവില രജിസ്റ്റർ പ്രകാരം നിജപ്പെടുത്തിയ വില 7,50,000 രൂപയാണ്. 100 ചതുരശ്രമീറ്റർ സ്ഥലത്തിനുപോലും 7,50,000 രൂപ നിലവിൽ മാർക്കറ്റ് വിലയില്ലാത്ത പ്രദേശമാണിതെന്ന് ഭൂവുടമകൾ പറയുന്നു.

ന്യായവില രജിസ്റ്ററിൽ സർവേ നമ്പർ 498/1 ന്റെ ന്യായവില 37500 രൂപയാണ്. എന്നാൽ സർവേ നമ്പർ 498 ന്റെ മറ്റ് സബ് ഡിവിഷനുകളിൽ ഒരു പൂജ്യം കൂടുതലായി രേഖപ്പെടുത്തിയതോടെ വില 3,75,000 രൂപയായി മാറുകയായിരുന്നു. ഇതിനുസമീപത്തെ ഒരു വസ്തുവിനും ന്യായവില രജിസ്റ്ററിൽ ഇത്രയധികം തുക രേഖപ്പെടുത്തിയിട്ടുമില്ല.

കൽപറ്റ നഗരവുമായി ചേർന്നുനിൽക്കുന്ന മെയിൻ റോഡരികിലുള്ള വസ്തുകൾക്കുപോലും പരമാവധി ഒരു ലക്ഷം രൂപവരെയാണ് ന്യായവില നിശ്ചയിച്ചിട്ടുളളത്. തെറ്റായി അധിക വില രേഖപ്പെടുത്തിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുടമകൾ കലക്ടർക്ക് പരാതി സമർപ്പിച്ചപ്പോൾ, നിശ്ചിത സമയപരിധിക്കുശേഷമാണ് അപേക്ഷ സമർപ്പിക്കുന്നതെന്ന് പറഞ്ഞ് പരാതി തള്ളുകയായിരുന്നു.

കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 25(5) പ്രകാരം ഭൂമിയുടെ ന്യായവില പ്രസിദ്ധീകരിച്ച് ഒരു വർഷത്തിനുള്ളിൽ ലഭിക്കുന്ന അപ്പീൽ അപേക്ഷയിലാണ് ജില്ല കലക്ടർക്ക് ന്യായവില പുനഃനിർണയിക്കുന്നതിനുള്ള അധികാരമുള്ളത്.

പരാതിയുള്ള ഭൂമിക്ക് ന്യായവില നിർണയിച്ചുള്ള ഗസറ്റ് വിഞ്ജാപനം പ്രസിദ്ധീകരിച്ചത് 2010 മാർച്ച് ആറിനാണ്. നിശ്ചിത സമയപരിധിക്കുശേഷമാണ് അപ്പീൽ സമർപ്പിച്ചത് എന്ന് ബോധ്യപ്പെട്ടതിനാൽ അപേക്ഷ നിരസിക്കുന്നുവെന്നാണ് കലക്ടർ മറുപടി നൽകിയത്.

ന്യായവില രജിസ്റ്ററിൽ ഇത്രയധികം തുക തെറ്റായി രേഖപ്പെടുത്തിയതോടെ 498,499 സർവേ നമ്പറുകളിൽ ഉൾപ്പെട്ട ഭൂമിയുടെ കൈവശക്കാർക്ക് വസ്തുക്കൾ വിൽക്കുന്നതിനോ മറ്റു ക്രയവിക്രയങ്ങൾ ചെയ്യുന്നതിനോ സാധിക്കുന്നില്ല.

അടിയന്തിരമായി പരിശോധന നടത്തി ന്യായവില രജിസ്റ്ററിൽ തുക രേഖപ്പെടുത്തുമ്പോൾ സംഭവിച്ച തെറ്റ് തിരുത്തണമെന്ന് ഭൂവുടമകൾ പറയുന്നു. ഇതിന് ജനപ്രതിനിധികളടക്കമുള്ളവരുടെ ഇടപെടലുണ്ടാവണമെന്നാണ് ഇവരുടെ ആവശ്യം.

Tags:    
News Summary - Error in recording fair value-Landlords in Kalpatta Village are reeling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.